ഹൈദരാബാദ്: ആണ്‍കുട്ടികളോട് സംസാരിച്ചതിനും ചങ്ങാത്തം കൂടിയതിനും പതിനഞ്ചുകാരിയെ പിതാവ് കൊലപ്പെടുത്തി.
ഹൈദരാബാദിലെ നാല്‍ഗോണ്ട ജില്ലയിലെ പി. രാധികയാണ് പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്.
ചിന്തപ്പള്ളി നിവാസികളും കര്‍ഷകരുമായ നരസിംഹയുടെയും ലിംഗമ്മയുടെയും മകളാണ് രാധിക.
പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കിയായ രാധിക സ്‌കൂളിലെ താരമായിരുന്നു.
പെണ്‍കുട്ടികളോടും ആണ്‍കുട്ടികളോടും ഒരു പോലെ സൗഹൃദം സൂക്ഷിച്ചിരുന്ന രാധികയ്ക്ക് സ്‌കൂളില്‍ വലിയൊരു സൗഹൃദവലയം തന്നെ ഉണ്ടായിരുന്നു. എന്നാല്‍ യാഥാസ്ഥിതിക ചിന്താഗതിക്കാരനായ പിതാവ് നരസിംഹയ്ക്ക് ഇതൊന്നും ഇഷ്ടമായിരുന്നില്ല.
മകളില്‍ അമിത പ്രതീക്ഷയുള്ള അയാള്‍ ആണ്‍കുട്ടികളുമായി കൂട്ടുകൂടരുതെന്ന് രാധികയെ പലവട്ടം താക്കീത് ചെയ്തിരുന്നു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നു പറഞ്ഞ് രാധിക അത് അവഗണിച്ചു. എന്നാല്‍ നരസിംഹ കൂടുതല്‍ കര്‍ക്കശക്കാരനാവുകയാണ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളിനടുത്തു വച്ച് ആണ്‍കുട്ടികളടങ്ങുന്ന കൂട്ടത്തോട് സംസാരിച്ചുകൊണ്ട് നിന്ന രാധികയെ നരസിംഹ കാണുകയും ദേഷ്യപ്പെടുകയും, വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് വഴക്കു പറയുകയും ചെയ്തു.
ഇതിനെ തുടര്‍ന്ന് രാധികയും പിതാവും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതില്‍ രോഷാകുലനായ നരസിംഹ മകളുടെ തല ഭിത്തിയിലിടിക്കുകയും വയറില്‍ തൊഴിക്കുകയും ചെയ്തു.
ഇതോടെ അബോധാവസ്ഥയിലായി തറയില്‍ വീണ രാധിക വൈകാതെ തന്നെ മരണം വരിച്ചു. മകള്‍ മരിച്ചെന്നു മനസിലായ നരസിംഹ ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ രാധികയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയും ചെയ്തു.
ഭാര്യ ലിംഗമ്മയോടും നരസിംഹ സത്യം മറച്ചുവച്ചു.
എന്നാല്‍, വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഒരു അയല്‍വാസി കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.
മകള്‍ ആത്മഹത്യ ചെയ്തുവെന്നാണ് നരസിംഹയും ലിംഗമ്മയും പറഞ്ഞതെന്ന് ചിന്തപ്പിള്ളി സബ് ഇന്‍സ്‌പെക്ടര്‍ എം.നാഗഭൂഷന്‍ റാവു പറഞ്ഞു.
മാതാപിതാക്കള്‍ക്കെതിരെ കൊലപാതകത്തിനും തെളിവുകള്‍ നശിപ്പിച്ചതിനും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.