മിഠായി നല്‍കാമെന്നു പറഞ്ഞ് ബാലികയെ പീഡിപ്പിച്ചു; പ്രതിക്ക് കഠിനതടവും പിഴയും

പെരിന്തല്‍മണ്ണ: വാടക ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 24 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. പെരിന്തല്‍മണ്ണ പ്രത്യേക അതിവേഗ കോടതി ജഡ്ജി കെ.പി. അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. ലക്കിടി പേരൂര്‍ പുത്തന്‍പുരക്കല്‍ യൂസുഫിനെയാണ് (60) ശിക്ഷിച്ചത്. 2019-ല്‍ പാണ്ടിക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.

മിഠായി നല്‍കാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് ബാലികയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. വിചാരണ തുടങ്ങിയശേഷം പ്രതി ഇവരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും താമസസ്ഥലം മാറിയിട്ടും ഭീഷണിപ്പെടുത്തിയതിനും കുട്ടിയുടെ പരാതിയില്‍ കേസുകളെടുത്തിട്ടുണ്ട്.

ഈ സമയത്ത് പൊലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. കുട്ടിയുടെയും കുടുംബത്തിന്റെയും പുനരധിവാസത്തിന് നടപടി സ്വീകരിക്കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും നിര്‍ദേശിച്ചിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി.പി. സപ്ന ഹാജരായി.

 

Top