മുംബൈ : മുസ്ലിം യുവാവുമായി ഉറപ്പിച്ച വിവാഹത്തില്‍ നിന്ന് കടുത്ത ഭീഷണിയെത്തുടര്‍ന്ന് പിന്‍മാറി ഹിന്ദു പെണ്‍കുട്ടിയുടെ കുടുംബം. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. സമുദായാംഗങ്ങളില്‍ നിന്ന് നേരിട്ട ഭീഷണിയെ തുടര്‍ന്നാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ നിര്‍ബന്ധിതമായതെന്ന് പെണ്‍കുട്ടിയുടെ പിതാവ് അറിയിച്ചു. 28 കാരിയുടെ വിവാഹമാണ് റദ്ദാക്കിയത്.
പെണ്‍കുട്ടിയുടെ അധ്യാപകനായിരുന്നു യുവാവ്. ഇരുവരും പ്രണയത്തിലായിരുന്നു. ജൂലൈ 18ന് നടത്താനിരുന്ന വിവാഹത്തിന്റെ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.ഇതിന് പിന്നാലെ സമുദായാംഗങ്ങള്‍ എതിര്‍പ്പുയര്‍ത്തി. ഇതോടെ കല്യാണത്തില്‍ നിന്ന് പിന്‍വമാറുകയാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം യുവാവിന്റെ വീട്ടുകാരെ കത്തിലൂടെ അറിയിച്ചു
ഇരുവരും മെയ് മാസത്തില്‍ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ സാധിക്കുമോയെന്ന് അറിയില്ലെന്ന് പിതാവ് കത്തില്‍ പറയുന്നു
ഇരുവരും ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ക്ഷണക്കത്ത് ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും പ്രചരിച്ചു. ഇതോടെ യുവതിയുടെ കുടുംബാംഗങ്ങള്‍ക്ക് നിരന്തരം ഭീഷണി കോളുകള്‍ എത്തി. ശേഷം പെണ്‍കുട്ടിയുടെ പിതാവ് കുടുംബാംഗങ്ങളോട് ആലോചിച്ചു.
തുടര്‍ന്ന് മകളുടെ വിവാഹച്ചടങ്ങ് ഉപേക്ഷിക്കുന്നുവെന്ന് കത്തിലൂടെ യുവാവിന്റെ വീട്ടുകാരെ അറിയിച്ചു.ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്ത സമയത്ത് ഇത്തരത്തില്‍ ആരും എതിര്‍പ്പുമായോ ഭീഷണിയുമായോ എത്തിയിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.