ന്യൂഡല്‍ഹി: ഇന്ത്യ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ഏറെ മുന്നിലാണെന്ന് ലോകബാങ്കിന്റെ മാനവ മൂലധന സൂചിക റിപ്പോര്‍ട്ട്. പ്രാഥമിക വിദ്യാഭ്യാസം, കുട്ടികളുടെ ആരോഗ്യം എന്നീ കാര്യങ്ങളാണ് റിപ്പോര്‍ട്ട് ഊന്നല്‍ നല്‍കിയ രണ്ട് പ്രധാനമേഖലകള്‍.
4 വയസ്സില്‍ പ്രീ പ്രൈമറി സ്‌ക്കൂളില്‍ ചേരുന്ന കുട്ടി 18 വയസ്സ് ആകുമ്പോഴേയ്ക്കും പ്രാഥമിക വിദ്യാഭ്യാസം നേടുമെന്നാണ് ലോകബാങ്ക് മാനദണ്ഡം. ദക്ഷിണേഷ്യയുടെ ശരാശരി പ്രാഥമിക വിദ്യാഭ്യാസം നേടിയ ആളുകള്‍ 10.5 ശതമാനമാണ്. ആകെ ലോകത്തിലെ കണക്ക് 11.2 ശതമാനം മാത്രമാണ്. ഇന്ത്യയിലേത് 10.2 ശതമാനം മാത്രമാണ്. എന്നാല്‍ ഇന്ത്യയിലെ പെണ്‍കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ നിരക്ക് 10.3 ശതമാനവും ആണ്‍കുട്ടികളുടേത് 10.1 ശതമാനവുമാണ്.
വിദ്യാര്‍ത്ഥികളുടെ പ്രകടനത്തിന്റെ കാര്യത്തില്‍ 300 ആണ് ഏറ്റവും കുറഞ്ഞ പോയന്റ്. ഇന്ത്യയില്‍ ഇത് 355 എന്ന നേരിയ വ്യത്യാസം മാത്രമാണുള്ളത്. എന്നാല്‍ പെണ്‍കുട്ടികളുടേത് 362ഉം ആണ്‍കുട്ടികളുടേത് 347 ഉം ആണ്.
157 രാജ്യങ്ങള്‍ ഉള്‍പ്പെട്ട സൂചികാ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 115 ആണെന്ന കാരണത്താല്‍ ഇന്ത്യ ലോകബാങ്കിന്റെ കണ്ടെത്തലുകളെ തള്ളിക്കളഞ്ഞിരുന്നു. ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്ന റാങ്ക് വളരെ പിന്നിലാണെന്നും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് ഇതില്‍ പറഞ്ഞിട്ടുള്ളതെന്നും കേന്ദ്ര ധനകാര്യ വകുപ്പ് വ്യക്തമാക്കിയിരുന്നു.
സമഗ്ര ശിക്ഷ അഭിയാന്‍ പദ്ധതിയിലൂടെ 197 മില്യണ്‍ കുട്ടികളാണ് രാജ്യത്ത് സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നത്. ആയുഷ്മാന്‍ ഭാരത് പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ്. 500 മില്യണ്‍ പൗരന്മാര്‍ക്കാണ് പദ്ധതിയിലൂടെ ആരോഗ്യ പരിരക്ഷ ലഭിക്കുന്നത്. 150,000 ആരോഗ്യ കേന്ദ്രങ്ങള്‍ മികവുറ്റതാക്കാന്‍ പദ്ധതിയിലൂടെ സാധിച്ചെന്നു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
ലോകബാങ്കിന്റെ കണക്കു പ്രകാരം ആരോഗ്യ സംവിധാന രംഗത്ത് സിംഗപ്പൂരാണ് മുന്നില്‍. ദക്ഷിണ കൊറിയ, ജപ്പാന്‍, ഫിന്‍ലന്റ് തുടങ്ങിയവയാണ് തൊട്ടുപുറകില്‍.