കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് കൊച്ചിയിലെത്തുമ്പോള്‍ കൊച്ചിയിലെ പെണ്‍കുട്ടികളും ഫുട്‍ബോൾ ആവേശത്തിലാണ്.
പുതിയ ഫുട്ബോള്‍ ടീം രൂപീകരിച്ചാണ് മഹാരാജാസ് കോളേജിലെ പെണ്‍കുട്ടികള്‍ ലോകകപ്പ് ആവേശത്തില്‍ പങ്കുചേരുന്നത്.
ഫുട്ബോള്‍ ആണുങ്ങളുടെ മാത്രം കളിയല്ലെന്നാണ് മഹാരാജാസിലെ പെണ്‍കുട്ടികള്‍ പറയുന്നത്.
കേരളത്തില്‍ ഫുട്ബോള്‍ കളിക്കുന്നവരില്‍ അധികവും ആണ്‍കുട്ടികളാണെങ്കിലും ഇനി അങ്ങോട്ട് അതിന് മാറ്റമുണ്ടാകുമെന്നാണ് ഇവരുടെ പക്ഷം.
അണ്ടര്‍ 17 ലോകകപ്പും ഐ.എസ്.എല്ലും കൊച്ചിയെ ആവേശത്തിന്റെ നെറുകയിലെത്തിക്കുമ്പോള്‍ ഗ്രൗണ്ടിലിറങ്ങി പന്തുതട്ടാതിരിക്കാന്‍ ഫുട്ബോള്‍ പ്രേമികളായ ഇവര്‍ക്കു കഴിയില്ലായിരുന്നു.
മഹാരാജാസ് കോളേജ് മൈതാനം, ലോകകപ്പിനെത്തുന്ന വിദേശ ടീമുകളുടെ പരിശീലനത്തിനായി ഫിഫയ്ക്ക് കൈമാറിയതിനാല്‍ തല്‍ക്കാലം അംബേദ്കര്‍ സ്റ്റേഡിയത്തിലാണ് പരിശീലനം.
മുന്‍ ഇന്ത്യന്‍ രാജ്യാന്തര താരം സി.വി.സീനയാണ് വനിതാ ടീമിനെ പരിശീലിപ്പിക്കുന്നത്.