കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി സര്‍ക്കാര്‍ എ.എ.പി നേതാക്കള്‍ക്കെതിരേ കള്ളക്കേസുകളെടുക്കുകയാണെന്ന് ആവര്‍ത്തിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എ.എ.പി നേതാക്കള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത 167 കേസുകളില്‍ ഒന്നില്‍ പോലും ഇതുവരെ കുറ്റം തെളിയിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
‘കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ എഎപി നേതാക്കള്‍ക്കെതിരേ അവര്‍ 167 കേസുകളെടുത്തു. എന്നാല്‍ ഇതില്‍ ഒന്നുപോലും കോടതിയില്‍ തെളിയിക്കാനായില്ല. 150ലേറെ കേസുകളില്‍ എഎപി നേതാക്കള്‍ കുറ്റവിമുക്തരായി. ബാക്കിയുള്ള കേസുകള്‍ കോടതിയിലാണ്. എ.എ.പി നേതാക്കളുടെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ മാത്രം കേന്ദ്ര അന്വേഷണ ഏജന്‍സികളിലെ 800 ഉദ്യോഗസ്ഥരുണ്ട്. എന്നാല്‍ അവര്‍ക്ക് ഇതുവരെ യാതൊരു ക്രമക്കേടുകളും കണ്ടെത്താനായിട്ടില്ല’ – കെജ്‌രിവാള്‍ പറഞ്ഞു.
യാതൊരു അഴിമതിയും നടത്താത്ത സര്‍ക്കാരാണ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നതെന്ന മോദിയുടെ അവകാശവാദത്തേയും അദ്ദേഹം തള്ളി. സിബിഐ, ഇ.ഡി എന്നീ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിയന്ത്രണം ഒരു ദിവസത്തേക്ക് തനിക്ക് തന്നാല്‍ പകുതി ബിജെപി നേതാക്കളുടെയും സ്ഥാനം ജയിലിലായിരിക്കുമെന്നും മേദിയുടെ അവകാശവാദം സംബന്ധിച്ച ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.