കാന്തപുരത്തിനും വെള്ളാപ്പള്ളിക്കും ഡോക്ടറേറ്റ് നല്‍കണം; കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ പ്രമേയം

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ഡോക്ടറേറ്റ് നൽകണമെന്ന് കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റിൽ പ്രമേയം. ഇടത് അനുകൂലിയായ സിൻഡിക്കേറ്റ് അംഗം ഇ അബ്ദുറഹീമാണ് പ്രമേയം അവതരിപ്പിച്ചത്. വൈസ് ചാൻസലറുടെ അനുവാദത്തോടെയായിരുന്നു പ്രമേയ അവതരണം. എന്നാൽ പ്രമേയത്തിനെതിരെ ചില ഇടതു അംഗങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചു.

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും, വെള്ളാപ്പള്ളി നടേശനും വിദ്യാഭ്യാസ രംഗത്ത് മാതൃകാ പ്രവർത്തനങ്ങൾ നടത്തുന്ന മഹദ് വ്യക്തികളാണ്. ഇരുവരും വിദ്യാഭ്യാസ മേഖലയിലേക്ക് നൽകുന്ന സംഭാവനകൾ പരിഗണിച്ച് ഡിലിറ്റിന് സബ് കമ്മിറ്റി ശുപാർശ ചെയ്യണം എന്നാണ് അബ്ദുറഹീം അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെടുന്നത്. ഇരുവരുടെയും പ്രൊഫൈലുകൾ ഡി.ലിറ്റ് നൽകുന്നതിനായി നിയമിക്കപ്പെട്ട ഉപസമിതി പഠിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

എന്നാൽ, പ്രമേയം പിൻവലിക്കണമെന്ന് ഒരുവിഭാഗം സിൻഡിക്കേറ്റംഗങ്ങൾ ആവശ്യപ്പെട്ടു. ഒമ്പത് അംഗങ്ങളാണ് സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുത്തത്. ഭിന്നതയെത്തുടർന്ന് ഡി.ലിറ്റ് നൽകാനുള്ളവരെ കണ്ടെത്താൻ രൂപവത്കരിച്ച ഉപസമിതിയുടെ പരിഗണനയ്ക്കായി പ്രമേയം കൈമാറാൻ തീരുമാനിച്ചു. ഡോ. വിജയരാഘവൻ, ഡോ. വിനോദ്കുമാർ, ഡോ. റഷീദ് അഹമ്മദ് എന്നിവരടങ്ങുന്നതാണ് ഉപസമിതി.

Top