പാര്‍ട്ടി അംഗങ്ങളുടെ മതവിശ്വാസത്തില്‍ കടുത്ത നിയന്ത്രണവുമായി ചൈന

china

ബെയ്ജിംഗ്: പാര്‍ട്ടി അംഗങ്ങള്‍ മതവിശ്വാസങ്ങള്‍ കൈയ്യൊഴിഞ്ഞ് പൂര്‍ണമായും നിരീശ്വരവാദിയാവണമെന്നും അല്ലാത്ത പക്ഷം ശിക്ഷാ നടപടി നേരിടുവാന്‍ തയ്യാറാവണമെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.

പാര്‍ട്ടിയുടെ ഔദ്യോഗിക മാസികയിലെഴുതിയ ലേഖനത്തില്‍ ആണ് ഇപ്രകാരം പറഞ്ഞിട്ടുള്ളത്. പാര്‍ട്ടി അംഗങ്ങള്‍ക്ക് ഒരു തരത്തിലുള്ള മതവിശ്വാസങ്ങളും പാടില്ല.

എല്ലാം അംഗങ്ങള്‍ക്കുമുള്ള അന്ത്യശാസനയാണിതെന്ന് ചൈനയുടെ മതകാര്യ വകുപ്പ് മേധാവി വാംഗ് സോന്‍ ലേഖനത്തില്‍ വ്യക്തമാക്കി.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൂര്‍ണമായും നിരീശ്വരവാദത്തെയാണ് പിന്തുണയ്ക്കുന്നതെങ്കിലും ചൈനയുടെ ഭരണ ഘടന മതപരമായ വിശ്വാസങ്ങള്‍ പിന്തുടരാന്‍ പൗരന്‍മാര്‍ക്ക് അവകാശം നല്‍കുന്നുണ്ട്.

പാര്‍ട്ടിയുടെ ഔദ്യോഗിക നയം തന്നെയാണ് വാംഗ് സോന്റെ വാക്കുകള്‍ എന്നാണ് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മതവിശ്വാസികളോട് പൊതുവെ സഹിഷ്ണുത വച്ചു പുലര്‍ത്തിയിട്ടുണ്ടെങ്കിലും പാര്‍ട്ടി അംഗങ്ങള്‍ക്ക് മതപരമായ വിശ്വാസങ്ങള്‍ വച്ചു പുലര്‍ത്തുന്നതിന് കടുത്ത വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

മതപരമായ ചടങ്ങുകളിലും മതസംഘടനകളിലും സജീവമായ അംഗങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളത്.

പാര്‍ട്ടി അംഗങ്ങള്‍ മാര്‍ക്‌സിയന്‍ നിരീശ്വരവാദത്തെയാണ് പിന്തുടരേണ്ടത്. മതങ്ങള്‍ക്ക് പകരം അവര്‍ പാര്‍ട്ടി നയങ്ങളെ വിശ്വസിക്കുകയും അത് നെഞ്ചേറ്റുകയും വേണമെന്ന് വാംഗ് സോന്‍ കുറിക്കുന്നു.

ചൈനയില്‍ കഴിയുന്ന ഏതു വിശ്വാസത്തില്‍പ്പെട്ട ജനങ്ങളായാലും അവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിക്കരുതെന്നു നേരത്തെ പ്രസിഡന്റ് ഷി ചിന്‍പിങ്ങും മുന്നറിയിപ്പു നല്‍കിയിരുന്നു.

ക്രൈസ്തവരും ബുദ്ധമതക്കാരും ഉള്‍പ്പെട്ട വിശ്വാസികള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണത്തെ വെല്ലുവിളിക്കാതെ അവരുടെ വിശ്വാസം വച്ചുപുലര്‍ത്തുന്നതിനു വിശാലമായ മാര്‍ഗനിര്‍ദേശങ്ങളും പ്രസിഡന്റ് നല്‍കിയിരുന്നു.

ചില വിദേശ ശക്തികള്‍ മതങ്ങളെ ഉപയോഗിച്ച് ചൈനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. മതങ്ങളെ ഉത്തേജിപ്പിക്കുക വഴി മതതീവ്രവാദവും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കാനുള്ള വഴിയാണ് നടക്കുന്നത്.

രാജ്യസുരക്ഷയ്ക്കും സാമൂഹ്യസ്ഥിരതയ്ക്കും വലിയ വെല്ലുവിളിയാണ് ഇത് സൃഷ്ടിക്കുന്നത്, മതങ്ങളെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് വാംഗ് സോന്‍ പറയുന്നു.

പാര്‍ട്ടി അംഗങ്ങളില്‍ വര്‍ധിച്ചു വരുന്ന മതവിശ്വാസം പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിച്ചു തുടങ്ങിയതോടെയാണ് ഇത്ര കര്‍ശനമായ നിലപാടിലേക്ക് പാര്‍ട്ടി വന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

വിദേശ ശക്തികള്‍ മതത്തെ ഉപയോഗിച്ചു ചൈനയിലേക്കു കടന്നു കയറുകയാണെന്നും പാര്‍ട്ടി ആരോപിക്കുന്നു. ഇതു ദേശസുരക്ഷയ്ക്ക് കനത്ത വെല്ലുവിളിയാണെന്നു ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി വിലയിരുത്തുന്നു.

90 ദശലക്ഷമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഓദ്യോഗിക അംഗങ്ങളുടെ എണ്ണം. മതങ്ങളെ വിശ്വസിക്കുന്നത് വഴി വൈരുധ്യാത്മിക ഭൗതികവാദം എന്ന പാര്‍ട്ടി നയത്തെയാണ് അംഗങ്ങള്‍ തള്ളിക്കളയുന്നതെന്നും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുണ്ട്.

Top