GiveItUp users can reclaim LPG subsidy after a year

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഗീവ് ഇറ്റ് അപ്’ കാമ്പയിനിലൂടെ ഗ്യാസ് സബ്‌സിഡി ഉപേക്ഷിച്ചവര്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞാല്‍ സബ്‌സിഡി ചോദിക്കാം. കാമ്പയിന്‍ ഈ വര്‍ഷംകൊണ്ട് അവസാനിപ്പിക്കുന്നതും സര്‍ക്കാര്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ശ്രമിക്കുന്നതുമാണ് സബ്‌സിഡി പുനഃസ്ഥാപിക്കാന്‍ കാരണം.

ഒരു വര്‍ഷത്തെ കാമ്പയിന്‍ കാലാവധി അവസാനി ക്കുമ്പോള്‍ അപേക്ഷ നല്കിയാല്‍ മാത്രമേ വീണ്ടും സബ്‌സിഡി ലഭിക്കുകയുള്ളൂവെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇന്നലെ അറിയിച്ചു.

സാമ്പത്തിക ഘടകം ഇക്കാര്യത്തില്‍ രണ്ടാമതാണ്. ഒന്നാമതായി പദ്ധതിയുടെ വിശ്വസ്തതയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. പ്രധാനമന്ത്രിയുടെ ഗീവ് ഇറ്റ് അപ് പദ്ധതിയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസമാണ് പദ്ധതിയുടെ വിജയമെന്നും പ്രധാന്‍ പറഞ്ഞു. സബ്‌സിഡി വേണ്ടെന്നുവച്ച 1.13 കോടി കുടുംബങ്ങള്‍ക്ക് പ്രധാന്‍ നന്ദിയും അറിയിച്ചു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27നാണ് പ്രധാനമന്ത്രി ഗീവ് ഇറ്റ് അപ് കാമ്പയിന്‍ തുടങ്ങിയത്. പാവപ്പട്ട കുടുംബങ്ങളില്‍ എല്‍പിജി എത്തിക്കാനായി സാമ്പത്തികഭദ്രതയുള്ള കുടുംബങ്ങളോട് തങ്ങളുടെ എല്‍പിജി സബ്‌സിഡി ഉപേക്ഷിക്കാന്‍ കാമ്പയിനിലൂടെ പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

മേയ് ഒന്നിന് അഞ്ചു കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മൂന്നു വര്‍ഷത്തിനുള്ളില്‍ എല്‍പിജി കണക്ഷന്‍ നല്കുന്ന 8,000 കോടി രൂപയുടെ ഉജ്വല യോജന പദ്ധതി ആവിഷ്‌കരിച്ചു. ഗീവ് ഇറ്റ് അപ് പദ്ധതിയില്‍നിന്നു ലാഭിക്കുന്ന 5,000 കോടി രൂപ ഇതില്‍ ഉള്‍പ്പെടും.

സബ്‌സിഡി ഉപേക്ഷിച്ച 1.13 കോടി ആളുകളില്‍ പകുതിയും മാഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട് എന്നീ അഞ്ചു സംസ്ഥാനങ്ങളില്‍നിന്നു മാത്രമാണ്. മഹാരാഷ്ട്രയില്‍ 16.44 ലക്ഷം പേരും ഉത്തര്‍ പ്രദേശില്‍ 13 ലക്ഷം പേരും ഡല്‍ഹിയില്‍ 7.26 ലക്ഷം പേരും സബ്‌സിഡി ഉപേക്ഷിച്ചു.

പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ 4.2 ലക്ഷം പേരും പെട്രോളിയം മന്ത്രിയുടെ സംസ്ഥാനമായ ഒഡീഷയില്‍ 1.3 ലക്ഷം പേരും സബ്‌സിഡി വേണ്ടെന്നുവച്ചു.

ഗീവ് ഇറ്റ് അപ് കാമ്പയിന്‍ വഴിയും ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതു വഴിയും കേന്ദ്രസര്‍ക്കാരിന്റെ എല്‍പിജി സബ്‌സിഡി ബില്ലില്‍ കുറവും ഉണ്ടായിട്ടുണ്ട്.

Top