അര്‍ജന്റീനക്ക് ലോകകിരീടം നേടിക്കൊടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് ഇന്ത്യയിലെത്തി. മോഹന്‍ ബഗാനൊരുക്കിയ പൊതുചടങ്ങില്‍ പങ്കെടുക്കാനെത്തിയതാണ് താരം. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ മാര്‍ട്ടിനസിനെ വരവേല്‍ക്കാന്‍ വന്‍ ആരാധകക്കൂട്ടമാണ് എത്തിയത്.
ഞാന്‍ ഇവിടെ എത്തിയതില്‍ സന്തോഷവാനാണ്. ഇന്ത്യയില്‍ വരിക എന്ന എന്റെ സ്വപ്നം പൂവണിഞ്ഞിരിക്കുന്നു. ഈ രാജ്യം വളരെ മനോഹരാണ്, ഇവിടെകൊണ്ടൊന്നും ഇത് അവസാനിക്കുന്നില്ല. ഇനി മെസിയെ ഇന്ത്യയില്‍ കൊണ്ടുവന്ന് കളിപ്പിക്കണം, എന്നും മാര്‍ട്ടിനസ് പറഞ്ഞു. മാര്‍ട്ടിനസിന്റെ സേവുകളാണ് ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ചാംപ്യന്മാരാക്കിയത്. ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ഗോള്‍ഡണ്‍ ഗ്ലൗ പുരസ്കാരം നേടിയ എമി മാര്‍ട്ടിനസ് ഫിഫ ദി ബെസ്റ്റ് ഗോള്‍കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. കോപ്പ അമേരിക്കയിലും അര്‍ജന്റൈന്‍ കിരീടധാരണത്തില്‍ എമിലിയാനോയുടെ സേവുകള്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ അന്താരാഷ്ട്ര ഫുട്ബോളിലെ പ്രധാന ട്രോഫികളെല്ലാം സ്വന്തമാക്കിയ എമിലിയാനോയുടെ അടുത്തലക്ഷ്യം ചാംപ്യന്‍സ് ലീഗ് വിജയമാണ്.