കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡയയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും അഥവാ ജിഎന്‍പിസി. ഗ്രൂപ്പ് ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ 11 ലക്ഷം ആളുകളാണ് ആ ഗ്രൂപ്പില്‍ അംഗങ്ങളായിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശിയായ ബിസിനസുകാരന്‍ ടി.എന്‍ അജിത് കുമാറിന്റെ ആശയമാണ് ഈ ഗ്രൂപ്പ്. പിന്നീട് ഈ ഗ്രൂപ്പ് ഇദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഏറ്റെടുക്കുകയായിരുന്നു.
പേര് കേള്‍ക്കുമ്പോള്‍ ഇതൊരു മദ്യപാന ഗ്രൂപ്പ് ആണെന്ന് പലരും വിചാരിച്ചേക്കാം. എന്നാല്‍ അങ്ങനെ കരുതിയെങ്കില്‍ തെറ്റി. മദ്യത്തെയും ആഹാരത്തെയും സ്‌നേഹിക്കുന്ന മലയാളികള്‍ക്കു വേണ്ടി മാത്രമാണ് ഈ ഗ്രൂപ്പ്. യാത്രാവിശേഷങ്ങള്‍, വ്യത്യസ്തമായ ഭക്ഷണം ലഭിക്കുന്ന ഇടങ്ങള്‍, അവയുടെ കൂട്ടുകള്‍ എന്നു തുടങ്ങി വിവിധ ഹോട്ടലുകളുടെയും കള്ളുഷാപ്പുകളുടെയും വിശേഷങ്ങളെല്ലാം ഈ ഗ്രൂപ്പില്‍ പങ്കുവെയ്ക്കാം. ഉത്തരവാദിത്വത്തോടെയുള്ള മുദ്രാവാക്യം എന്നതാണ് ഗ്രൂപ്പിന്റെ മുദ്രാവാക്യം തന്നെ.
കള്ളും കുടിച്ച് എന്തും പറയാനുള്ള ഒരു കൂട്ടായ്മയല്ലിത്. കാരണം പരസ്പര ബഹുമാനത്തില്‍ ഊന്നിയാകണം ആശയവിനിമയം നടത്തേണ്ടത് എന്ന് ഗ്രൂപ്പില്‍ നിബന്ധനയുണ്ട്. ഗ്രൂപ്പിന്റെ നിയമം ലംഘിക്കുന്നവരെ അപ്പോള്‍ തന്നെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കും. കൂടാതെ കേരളത്തിലെ നൂറോളം ഹോട്ടലുകളും ബാറുകളും ജിഎന്‍പിസി അംഗങ്ങള്‍ക്ക് ഡിസ്‌കൗണ്ടും നല്‍കുന്നുണ്ട്.