ന്യൂയോര്‍ക്ക്: കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കെതിരെ 16 വയസ്സുകാരിയുടെ നേതൃത്വത്തില്‍ സമരം. 139 രാജ്യങ്ങള്‍ പങ്കെടുക്കുന്ന സമരത്തിന് സ്വീഡിഷ് വിദ്യാര്‍ഥിനി ഗ്രേറ്റാ തുന്‍ബെര്‍ഗാണ് നേതൃത്വം നല്‍കുന്നത്.
കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും വേണ്ടി രാജ്യാന്തര തലത്തില്‍ ഇടപെടല്‍ വേണം. അതും അടിയന്തിരമായി. ഇതാണ് ഗ്രേറ്റയുടെ ആവശ്യം. പ്രവചനാതീതമായ കാലാവസ്ഥ പ്രതിസന്ധിയെ പ്രതിരോധിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഗ്രേറ്റ പറയുന്നു.
സമരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പുറമെ മുതിര്‍ന്നവരും രാജ്യാന്തര സംഘടനകളും അണിനിരക്കുന്നു. വിവിധ രാജ്യങ്ങളിലായി നാലായിരത്തിലധികം പരിപാടികള്‍ സമരത്തിന്റെ ഭാഗമായി നടന്നു കഴിഞ്ഞു.
ഒരു വര്‍ഷം സ്‌കൂളില്‍ നിന്നും അവധി എടുത്താണ് പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ആളുകളില്‍ അവബോധം സൃഷ്ടിക്കാന്‍ ഗ്രേറ്റ ഇറങ്ങി തിരിച്ചത്.
ആമസോണ്‍, മൈക്രോസോഫ്റ്റ് തുടങ്ങി വമ്പന്‍ കമ്പനികളുടെ ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് മാത്രം സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം 10 ലക്ഷത്തില്‍ കൂടുതലാണ്. കാലാവസ്ഥയ്ക്ക് വേണ്ടിയുള്ള സ്‌കൂള്‍ പണിമുടക്കെന്ന ഗ്രേറ്റയുടെ ആശയത്തെ ലോകം ഏറ്റെടുത്തു കഴിഞ്ഞു.