കൊവിഡ്19; മരണസംഖ്യ 7000 കടന്നു, ഇറ്റലിയില്‍ മാത്രം മരിച്ചത് 2100 പേര്‍

ലോകത്താകമാനം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7000 കടന്നു. വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 18,000 ആയി. സ്ഥിതി ഇതായതോടെ പ്രതിരോധ നടപടി ശക്തമാക്കിയിരിക്കുകയാണ് രാജ്യങ്ങള്‍. ഇറ്റലിക്ക് പിന്നാലെ ഫ്രാന്‍സും സ്വിറ്റ്‌സര്‍ലന്‍ഡും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡ് വൈറസ് ബാധ പൊട്ടിപ്പുറപ്പെടുകയും അനിയന്ത്രിതമായി പടരുകയും ചെയ്ത ചൈനയേക്കാള്‍ രൂക്ഷമാകുകയാണ് മറ്റു ചില രാജ്യങ്ങളുടെ അവസ്ഥ.

കണക്കനുസരിച്ച് ഇതുവരെ 7007 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിതിഗിതകള്‍ നിയന്ത്രണാതീതമായി തുടരുകയാണ്. ഇറ്റലിയില്‍ ഇന്നലെ മാത്രം 349 പേര്‍ മരിച്ചതോടെ മരണസംഖ്യ 2,100 ആയി. മരുന്നുകള്‍ക്ക് കടുത്തക്ഷാമമാണ് ഇറ്റലി നേരിടുന്നത്. ഫ്രാന്‍സിലും ജര്‍മനിയിലും സ്ഥിതിഗതികള്‍ വഷളാകുകയാണ്.

ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ഉണ്ടാകുമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രഖ്യാപിച്ചു. പരസ്പര സമ്പര്‍ക്കം ഒഴിവാക്കണമെന്ന് ബ്രിട്ടണും നിര്‍ദേശിച്ചു. ജര്‍മനി ഉല്ലാസ-വ്യാപാര കേന്ദ്രങ്ങള്‍ അടച്ചു. സ്വിറ്റ്‌സര്‍ലന്‍ഡ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിനിടെ മരുന്നും വാക്‌സിനും കണ്ടെത്താനുള്ള ഊര്‍ജിത ശ്രമം തുടരുകയാണ്.

Top