ജനീവ: ആഗോളതലത്തിൽ സംഘര്‍ഷം തുടരുന്ന രാജ്യങ്ങളില്‍ പട്ടിണിനിരക്ക് വർധിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. ഇത്തരത്തിൽ യുദ്ധമുഖത്തുള്ള രാജ്യങ്ങളില്‍ നാലിലൊരാള്‍ക്കുള്ള ഭക്ഷണം പോലും ലഭ്യമാകുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2016 മുതലാണ് ലോകത്ത് പട്ടിണി നിരക്കില്‍ വര്‍ധന രേഖപ്പെടുത്തിത്തുടങ്ങിയത്. 2016 ലെ കണക്കനുസരിച്ച് പട്ടിണിയുടെ ദുരിതം പേറുന്നവര്‍ 815 മില്യണ്‍ ആണ്. ഇതില്‍ 489 കോടിയും സംഘര്‍ഷം നിലനില്‍ക്കുന്ന രാജ്യങ്ങളിലാണ്.
നിലവിൽ ആഭ്യന്തര സംഘര്‍ഷം തുടരുന്ന യമനില്‍ ജനസംഖ്യയുടെ 60 ശതമാനം ജനങ്ങളും ദാരിദ്ര്യത്തിന്റെ പിടിയിലാണ്. സൗത്ത് സുഡാനിൽ 45 മില്യണ്‍ ആളുകള്‍ പട്ടിണിയിയുടെ പിടിയിലാണ്. സംഘര്‍ഷം തുടരുന്ന സിറിയ, ലെബനാന്‍, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്, ഉക്രെയ്ന്‍ അഫ്ഗാനിസ്ഥാന്‍, സൊമാലിയ എന്നീ രാജ്യങ്ങളിലും കടുത്ത ഭക്ഷ്യക്ഷാമമാണ് നേരിടുന്നത്.
കോംഗോയില്‍ 7.7 മില്യണ്‍ ആളുകള്‍ പട്ടിണി നേരിടുന്നുണ്ട്. ഇവിടെ പട്ടിണി നിരക്ക് കഴിഞ്ഞ 6 മാസത്തിനിടെ 20 ശതമാനം വര്‍ധിച്ചു. അഫ്ഗാനിസ്ഥാനിലെ പട്ടിണി പാവങ്ങളുടെ എണ്ണം 6 മാസം മുമ്പ് 4.3 മില്യണ്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത് 7.6 മില്യണായി വർധിച്ചു. വര്‍ധന 80 ശതമാനത്തോളം കടുത്ത പട്ടിണിയില്‍ നിന്ന് കരകയറുന്നത് സൊമാലിയ മാത്രമാണെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.