മിന്‍സ്‌ക്: കൊവിഡ് 19 വ്യാപനം മൂലം ലോകമെമ്പാടും ഫുട്‌ബോള്‍ ലീഗുകള്‍ നിര്‍ത്തിവച്ചിരിക്കുമ്പോഴും സജീവമായി ബെലാറസിലെ ഫുട്‌ബോള്‍ മൈതാനങ്ങള്‍. ബെലാറസ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതോടെ കൂടുതല്‍ രാജ്യങ്ങളിലെ ചാനലുകള്‍ ബെലാറസ് പ്രീമിയര്‍ ലീഗിന്റെ സംപ്രേഷണാവകാശത്തിനായി രംഗത്തെത്തിയിട്ടുണ്ട്.
ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പുഘട്ടത്തിലേക്ക് അപൂര്‍വ്വമായി മാത്രമാണ് ബെലാറസ് ക്ലബുകള്‍ യോഗ്യത നേടുന്നത്. ബെലാറസില്‍ ഇതുവരെ 100നടുത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. കൊവിഡ് 19 ഫുട്‌ബോള്‍ ലോകത്ത് കനത്ത ആഘാതമാണ് നല്‍കിയത്.
യൂറോപ്പിലെ വമ്പന്‍ ടൂര്‍ണമെന്റുകളായ ലാ ലിഗയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും സിരീ എയും അടക്കമുള്ളവ നിര്‍ത്തിവച്ചിരിക്കുകയാണ്. യൂറോ കപ്പ് അടുത്ത വര്‍ഷത്തേക്ക് നീട്ടിവക്കുകയും ചെയ്തു. സീസണ്‍ അവതാളത്തിലായതോടെ ക്ലബുകള്‍ സാമ്പത്തിക പ്രതിസന്ധിയിലുമായി.