ലണ്ടന്‍: ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ യൂറോപ്പ് വട്ടംകറങ്ങുമ്പോള്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യ സാമ്പത്തികമായി മുന്നേറിയെന്ന് ‘ന്യൂ വേള്‍ഡ് വെല്‍ത്തി’ന്റെ റിപ്പോര്‍ട്ട്.
ആഗോള മാന്ദ്യത്തിന്റെ ഫലമായി 2005 മുതല്‍ 15 വരെയുള്ള കാലയളവില്‍ യൂറോപ്യന്‍ പൗരന്മാരുടെ സാമ്പത്തിക വളര്‍ച്ചനിരക്കില്‍ അഞ്ചു ശതമാനത്തിന്റെ കുറവ് വന്നപ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക മേഖല 400 ശതമാനം വളര്‍ച്ച കൈവരിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യക്കു പുറമെ ചൈന, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും 400 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ആസ്‌ട്രേലിയ 100 ശതമാനവും കാനഡ 50 ശതമാനവും വളര്‍ച്ച കൈവരിച്ചിട്ടുണ്ട്.
2008ലെ സാമ്പത്തിക മാന്ദ്യമാണ് യൂറോപ്പിനെ ഏറ്റവും പിടിച്ചുകുലുക്കിയത്. സമ്പന്നരായ വ്യവസായികള്‍ യൂറോപ്പിനു പുറത്തേക്ക് സാമ്രാജ്യം വികസിപ്പിച്ചതും അഭയാര്‍ഥികളുടെ കടന്നുവരവും തിരിച്ചടിയായി.
യൂറോപ്പ് നേരിടുന്ന പ്രാഥമിക മേഖലകളിലെ തൊഴില്‍ നഷ്ടം ഈ വര്‍ഷവും തുടരുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഇന്ത്യ, ചൈന, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കായിരിക്കും ഈ തൊഴില്‍ പോവുക. വ്യക്തികളുടെ ആകെ സാമ്പത്തികസ്ഥിതി കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.