ഗ്ലോബല്‍ വില്ലേജ് പുതിയ സീസണിന് തുടക്കമായി

ദുബായ്: യു.എ.ഇ.യിലെ സുപ്രധാന വിനോദകേന്ദ്രമായ ഗ്ലോബല്‍ വില്ലേജിന്റെ പുതിയ സീസണിന് ഔദ്യോഗിക തുടക്കമായി. കോവിഡിനുശേഷം ഒട്ടേറെ പ്രത്യേകതകളോടെയാണ് 2022 ഏപ്രില്‍ 10 വരെ നീളുന്ന സീസണ്‍ ആരംഭിക്കുന്നത്. യു.എ.ഇ.യിലെ ഏറ്റവും സുഖകരമായ കാലാവസ്ഥയില്‍ വിവിധരാജ്യങ്ങളിലെ തനത് കാഴ്ചകള്‍ ആസ്വദിക്കാന്‍ ഇതവസരമൊരുക്കുന്നു.

ഗ്ലോബല്‍ വില്ലേജ് വെബ്‌സൈറ്റിലൂടെയും നേരിട്ടെത്തിയും ടിക്കറ്റുകള്‍ കരസ്ഥമാക്കാം. ഓണ്‍ലൈനില്‍ 15 ദിര്‍ഹവും നേരിട്ട് 20 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. മൂന്ന് വയസ്സിനുതാഴെയുള്ളവര്‍ക്കും 65 വയസ്സിനുമുകളിലുള്ളവര്‍ക്കും നിശ്ചയദാര്‍ഢ്യക്കാര്‍ക്കും ഒരു സഹായിക്കൊപ്പം സൗജന്യപ്രവേശനം അനുവദനീയമാണ്. ശനിയാഴ്ച മുതല്‍ ബുധനാഴ്ചവരെ വൈകീട്ട് നാലുമണി മുതല്‍ 12 മണിവരെയും വാരാന്ത്യങ്ങളില്‍ വൈകീട്ട് നാലുമുതല്‍ പുലര്‍ച്ചെ ഒരുമണിവരെയുമാണ് പരിപാടികള്‍ നടക്കുക. ഔദ്യോഗിക അവധിദിനങ്ങളില്‍പ്പെടാത്ത തിങ്കളാഴ്ചകളില്‍ കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും മാത്രമാണ് പ്രവേശനം.

യു.എ.ഇ.ക്ക് പുറമെ ഇന്ത്യ, സൗദി അറേബ്യ, ബഹ്റൈന്‍, കുവൈത്ത്, അഫ്ഗാനിസ്താന്‍, സൗത്ത് ആഫ്രിക്ക, അമേരിക്ക തുടങ്ങി 26 രാജ്യങ്ങളുടെ പവലിയനാണ് ഗ്ലോബല്‍ വില്ലേജിലുള്ളത്. ഈ രാജ്യങ്ങളിലെ സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകള്‍ ഭക്ഷണം, വസ്ത്രം, ജീവിതരീതികള്‍ എന്നിവയെ ഏതെല്ലാം വിധത്തില്‍ സ്വാധീനിച്ചിരിക്കുന്നുവെന്ന് പ്രദര്‍ശനങ്ങളിലൂടെ അടുത്തറിയാനാകും.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക ആഘോഷപരിപാടികള്‍, ഭക്ഷണശാലകള്‍ എന്നിവയെല്ലാം പ്രത്യേകതയായിരിക്കും. 40,000 പ്രദര്‍ശനങ്ങളും പരിപാടികളും സീസണില്‍ വിവിധ വേദികളിലായി നടക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വര്‍ണാഭമായ വെടിക്കെട്ടും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും.

സന്ദര്‍ശകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക പരിശീലനം ലഭിച്ച ദുബായ് കമ്യൂണിറ്റി പൊലീസ് പ്രതിനിധികള്‍ ഗ്ലോബല്‍ വില്ലേജില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇതോടൊപ്പം വിവിധവകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്ര സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കിയതായി സംഘാടകസമിതി വ്യക്തമാക്കി.

 

Top