ടെസ്ല വിൽപ്പനയെ പിടിച്ചുകെട്ടാൻ ഹോണ്ടയും ജനറൽ മോട്ടോർസും ഒന്നിക്കുന്നു

ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ല കാറുകളുടെ വിൽപ്പനയെ മറികടക്കാനായി ഒരുമിച്ച് പുതിയ തന്ത്രങ്ങൾ മെനഞ്ഞ് പ്രമുഖ വാഹനനിർമാതാക്കളായ ഹോണ്ടയും ജനറൽ മോട്ടോഴ്‌സും. അത്യാധുനിക കാറുകൾ നിർമിക്കാനുള്ള ഒരു സംയുക്ത പ്ലാറ്റ്‌ഫോം നിർമിച്ച് 2027 ആകുമ്പോഴേക്കും ബഡ്ജറ്റിന് യോജിച്ച തരത്തിലുള്ള ദശലക്ഷക്കണക്കിന് കാറുകൾ നിർമിക്കാനാണ് ഇരുഭീമൻ വാഹന നിർമാതാക്കളുടേയും പദ്ധതി. ടെസ്ല നിരത്തുകളിൽ വ്യാപകമാകുന്ന സമയം മുൻകൂട്ടി കണ്ടാണ് ഇരുവരും ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് വ്യക്തമാണ്.

ഇരുവരും കൈ കോർക്കുന്നതോടെ താങ്ങാൻ കഴിയുന്ന വിലയിൽ വൈദ്യുത കാറുകൾ ലഭിക്കുന്ന ഒരു വിപ്ലവം തന്നെയായിരിക്കും ഓട്ടോമൊബൈൽ രംഗത്ത് വരാനിരിക്കുന്നത് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. പുതിയ സംരംഭത്തിന്റെ ഭാഗമായി ഓരോ കമ്പനിയും എത്ര രൂപ വീതമാണ് നിക്ഷേപിക്കുന്നത് എന്നറിയാനാണ് എല്ലാവർക്കും തിടുക്കമെങ്കിലും ഇക്കാര്യം പുറത്തുവിടാൻ രണ്ട് കമ്പനികളും തയാറായിട്ടില്ല.

2025ന്റെ പകുതിയോടെ മറ്റൊരു കമ്പനിയ്ക്കും വിൽക്കാൻ കഴിയാത്തത്രയും ഇലക്ട്രിക് വാഹനങ്ങൾ തങ്ങൾ അമേരിക്കയിൽ വിറ്റുതുടങ്ങുമെന്നാണ് ഇരുകൂട്ടരുടേയും അവകാശവാദം. ഇരു കമ്പനികളും വാഗ്ദാനം ചെയ്തിരിക്കുന്ന കാർബൺ ന്യൂട്രാലിറ്റി എന്ന വലിയ പ്രതിജ്ഞ നടപ്പിലാക്കുന്നതിന്റെ ഭാഗം കൂടിയാണ് ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഈ ചുവടുമാറ്റം.

Top