ന്യൂഡൽഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തടവിലാക്കിയ ഡൽഹി സർവകലാശാല മുൻ അധ്യാപകൻ ജി.എൻ സായിബാബയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി മരവിപ്പിച്ചു. ബോംബെ ഹൈക്കോടതിയുടെ വിധിയാണ് സുപ്രിംകോടതി ജസ്റ്റിസുമാരായ എം.ആർ ഷാ, ബേലാ എം. ത്രിവേദി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് സ്‌റ്റേ ചെയ്തത്. മഹാരാഷ്ട്ര സർക്കാരിന്റെ അപ്പീൽ അവധി ദിനമായിട്ടും പ്രത്യേക സിറ്റിങ് നടത്തിയാണ് കോടതി പരിഗണിച്ചത്.
സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് മഹാരാഷ്ട്ര സർക്കാരിനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്. കേസിന്റെ മെറിറ്റ് പരിശോധിക്കാതെ സാങ്കേതികകാരണങ്ങൾ മാത്രം പരിഗണിച്ചാണ് ജാമ്യം നൽകിയതെന്ന് തുഷാർ മേത്ത ചൂണ്ടിക്കാട്ടി. കേസിൽ ടാഡ വകുപ്പുകളാണ് പരിശോധിച്ചത്. ഈ സാഹചര്യത്തിൽ വിധി അംഗീകരിക്കാനാകില്ലെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി. കേസിൽ ആറാം പ്രതിയാണ് ജി.എൻ സായിബാബ. അഞ്ചു പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, കുറ്റത്തിന്റെ ബുദ്ധികേന്ദ്രമാണ് സായിബാബയെന്നും സോളിസിറ്റർ ജനറൽ വാദിച്ചു.
ഇതെല്ലാം പരിഗണിച്ചാണ് സുപ്രിംകോടതി വിധി പറഞ്ഞത്. ബോംബെ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചതായി കോടതി നിരീക്ഷിച്ചു. മെറിറ്റ് പരിഗണിക്കാതെ പെട്ടെന്ന് വിധിയിലെത്താനുള്ള എളുപ്പവഴി നോക്കുകയാണ് കോടതി ചെയ്തതെന്നും രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു. സായിബാബയുടെ ആരോഗ്യനില അഭിഭാഷകർ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി മുഖവിലയ്‌ക്കെടുത്തില്ല.