തിരുവനന്തപുരം : മദ്യപാനം പ്രോത്സാഹിപ്പിക്കുന്നുവെന്ന പരാതിയില്‍ കേസെടുത്ത ജി.എന്‍.പി.സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) ഫേയ്‌സ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിന്‍ കീഴടങ്ങി. ഗ്രൂപ്പ് അഡ്മിനായ എല്‍. അജിത് കുമാറാണ് തിരുവനന്തപുരം എക്‌സൈസ് അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയത്.
ജി.എന്‍.പി.സി എന്ന പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ച ഗ്രൂപ്പിനെതിരെ മദ്യപാനം പ്രൊത്സാഹിപ്പിക്കുന്നു എന്ന പരാതി വ്യാപകമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് എക്‌സൈസ് വകുപ്പ് നിയമനടപടി സ്വീകരിച്ചത്. അജിത്കുമാര്‍മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് പരിശോധിച്ച കോടതി, ഇയാള്‍ ഫെയ്സ്ബുക്കിലൂടെ ആള്‍ക്കാരെ കണ്ടെത്തി മദ്യപിക്കുന്നതിന് ചില ഹോട്ടലുകളില്‍ നിന്നും കൂപ്പണുകള്‍ വാങ്ങി നല്‍കിയിരുന്നുവെന്നും ഡിജെ പാര്‍ട്ടികള്‍ നടത്തിയിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
ഫെയ്സ്ബുക്ക് അപ്ഡേഷനും മറ്റും ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാക്കി കീഴടങ്ങാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ കീഴടങ്ങിയത്.
ഇരുപത് ലക്ഷത്തിലേറെ പേര്‍ അംഗങ്ങളായ ഈ ഫേയ്‌സ്ബുക്ക് ഗ്രൂപ്പ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സൈബര്‍ ഗ്രൂപ്പുകളില്‍ ഒന്നാണ്. അജിത് കുമാര്‍, ഭാര്യ വനിത എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു പോരുന്ന ഈ ഫേയ്‌സ്ബുക്ക് ഗ്രൂപ്പിന് മറ്റു 36 അഡ്മിന്‍മാര്‍ കൂടിയുണ്ട്. ഇവരെ കണ്ടെത്താനായി എക്‌സൈസ് വകുപ്പ് സൈബര്‍ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്.