ഗോ എയര്‍ ഒക്ടോബര്‍ 11 മുതല്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ആരംഭിക്കും

go-air-flight

മുംബൈ:രാജ്യത്തെ ബജറ്റ് വിമാനക്കമ്പനിയായ ഗോ എയര്‍ ഒക്ടോബര്‍ 11 മുതല്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ആരംഭിക്കും. മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ് ആദ്യവിമാന സര്‍വ്വീസുകള്‍ തുടങ്ങുന്നത്. ഇന്ത്യയിലേക്ക് നേരിട്ട് സര്‍വ്വീസുകളിലാത്ത ഫുക്കെ, മധ്യ ഇന്ത്യയിലേക്ക് നേരിട്ട് സര്‍വ്വീസില്ലാത്ത മാലി തുടങ്ങിയ സ്ഥലങ്ങളിലേക്കും ഗോ എയര്‍ സര്‍വ്വീസ് നടത്തും. വിമാന യാത്രയുടെ ബുക്കിംഗ് ഉടന്‍ ആരംഭിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കോര്‍നെലിസ് വ്രീസ്വിജിക്ക് പറഞ്ഞു.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വേയ്‌സ്, ഇന്‍ഡിഗോ , സ്‌പൈസ്‌ജെറ്റ് എന്നിവയ്ക്കു ശേഷം ഇന്ത്യയില്‍ നിന്നും വിദേശ സര്‍വ്വീസുകള്‍ ആരംഭിക്കുന്ന ആറാമത്തെ വിമാനക്കമ്പനിയാണ് ഗോ എയര്‍. രാജ്യത്തെ നിലവിലുള്ള നിയമങ്ങളനുസരിച്ച് വിദേശ സര്‍വ്വീസുകള്‍ നടത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഗോ എയര്‍ കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു.
2005 നവംബറിലാണ് ഗോ എയര്‍ ഇന്ത്യയില്‍ സര്‍വ്വീസ് ആരംഭിച്ചത്. 2016 ഓഗസ്റ്റില്‍ ചൈന, വിയറ്റ്‌നാം, മാലിദ്വീപ്, കസാക്കിസ്ഥാന്‍, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിമാന സര്‍വ്വീസ് നടത്താനുള്ള അനുമതി ഗോ എയര്‍ നേടിയെടുത്തു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗോ എയര്‍ വിമാനത്തിന്റെ ആദ്യ അന്താരാഷ്ട്ര സര്‍വ്വീസും ഒക്ടോബറില്‍ ആരംഭിക്കും. സൗദി അറേബ്യ നഗരമായ ദമ്മാമിലേക്കാണ് ആദ്യ സര്‍വ്വീസ് ആരംഭിക്കുന്നത്. പുതുതായി ആരംഭിച്ച കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സൗദി അറേബ്യയിലെ ദമ്മാമിലേക്ക് സര്‍വ്വീസ് നടത്തുന്നതിന് അനുമതി നല്‍കിയതായി കേന്ദ്ര വ്യോമയാന സെക്രട്ടറി ആര്‍ എന്‍ ചൗബേയാണ് വ്യക്തമാക്കിയിരുന്നു. അതേ സമയം, കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദോഹയിലേക്ക് ഇന്‍ഡിഗോയും അബുദാബിയിലേക്ക് ജെറ്റ് എയര്‍വേയ്‌സും സര്‍വ്വീസുകള്‍ ആരംഭിക്കുന്നുണ്ട്.

Top