ബിജെപിക്കെതിരെ പ്രതിഷേധം; ‘ഗോ ബാക്ക്’ വിളിച്ച്‌ പ്രതിനിധികള്‍

തിരുവനന്തപുരം: സര്‍വകക്ഷിയോഗത്തില്‍ ബിജെപിക്കെതിരെ പ്രതിഷേധം. ബിജെപി പ്രതിനിധികള്‍ക്കെതിരെ ഒരു വിഭാഗം ഗോ ബാക്ക് വിളിച്ചു.

പതിനൊന്ന് മണിക്കാണ് മസ്‌കറ്റ് ഹോട്ടലില്‍ യോഗം ആരംഭിച്ചിരുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ആമുഖ പ്രസംഗത്തിന് ശേഷമായിരുന്നു ബിജെപിയുടെ പ്രതിഷേധം ആരംഭിച്ചത്.

യോഗത്തില്‍ നിന്ന് ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോവുകയും ചെയ്തു. മാത്രമല്ല സര്‍വകക്ഷിയോഗം ചട്ടവിരുദ്ധമെന്ന് ബിജെപി ആരോപിച്ചിരുന്നു.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ ഉണ്ടായ സംയുക്ത പ്രക്ഷോഭത്തിന് തുടര്‍ച്ച വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഭരണഘടനാ സംരക്ഷണത്തിന് ഒരു കുടക്കീഴില്‍ അണിനരന്ന് കൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ ഉണ്ടാകണമെന്നും അതിന് വേണ്ടിയാണ് സര്‍വകക്ഷിയോഗം വിളിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ രാഷ്ട്രീയ കക്ഷികളും മതസാമുദായിക സംഘടനകളും അടക്കം നിരവധി പ്രതിനിധികളാണ് പങ്കെടുത്തത്.

തിരുവനന്തപുരത്ത് നേരത്തെ നടന്ന സംയുക്ത പ്രതിഷേധത്തിനെതിരെ കോണ്‍ഗ്രസിനകത്ത് വ്യത്യസ്ത അഭിപ്രായമാണുള്ളത്. സിപിഎമ്മുമായി സഹകരിച്ച് പ്രതിപക്ഷ നേതാവ് സമരത്തിനിറങ്ങിയതില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വിയോജിപ്പുണ്ട്. മാത്രമല്ല തുടര്‍ സമരത്തില്‍ സര്‍ക്കാരിനൊപ്പം ഉണ്ടാകില്ലെന്ന സൂചന നല്‍കുന്ന യുഡിഎഫ് തനത് സമരപരിപാടികളെ കുറിച്ചുള്ള തിരക്കിട്ട ആലോചനകളിലുമാണ്. ഉച്ചക്ക് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മതസംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.

Top