ചെന്നൈ: മുന്‍ ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂർത്തിക്കെതിരെ കോടതിയെ സമീപിച്ച് തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. അധിക്ഷേപകരമായ പരാമര്‍ശത്തിലാണ് ഗവര്‍ണറുടെ നീക്കം. ജനുവരി 13ന് നടത്തിയ പരാമര്‍ശമാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. തമിഴ്നാട് സര്‍ക്കാര്‍ തയ്യാറാക്കിയ പ്രസംഗം വായിക്കാന്‍ പറ്റില്ലെങ്കില്‍ ഗവര്‍ണര്‍ കശ്മീരിലേക്ക് പോകണമെന്നും ഭീകരവാദികളെ അയച്ച് ഗവര്‍ണറെ വെടിവച്ച് വീഴ്ത്തണമെന്നുമായിരുന്നു മുന്‍ ഡിഎംകെ വക്താവ് നടത്തിയ പരാമര്‍ശം. ഭരണഘടനയ്ക്ക് കീഴിലായിരുന്നു പ്രതിജ്ഞ ചെയ്തതെങ്കിലും അംബേദ്കറുടെ പേര് പറയാന്‍ ഗവര്‍ണര്‍ തയ്യാറായില്ലെന്നും ശിവാജി കൃഷ്ണമൂർത്തി പറഞ്ഞിരുന്നു.
ഗവർണർക്കെതിരായി യാതൊന്നും പറയരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ടെന്നും നിയമസഭയിലെ പ്രസംഗം പൂർണമായി ഗവർണർ വായിച്ചിരുന്നെങ്കിൽ താൻ അദ്ദേഹത്തിന്റെ കാലിൽ പൂക്കൾ വച്ചു തൊഴുമായിരുന്നു എന്നും പറഞ്ഞതിന് ശേഷമായിരുന്നു വിവാദ പരാമർശം.