വേദ മന്ത്രത്തിലൂടെ കൃഷിയില്‍ കൂടുതല്‍ വിളവ് ലഭിക്കും ; വിചിത്ര പദ്ധതിയുമായി ഗോവ മന്ത്രി

goa-minister

പനാജി: ദിവസവും 20 മിനിറ്റ് നേരം വേദമന്ത്രങ്ങള്‍ ചൊല്ലിയാല്‍ ഓരോ കര്‍ഷകനും തന്റെ കൃഷി മെച്ചപ്പെടുത്താം. വളരെ വിചിത്രമായ പദ്ധതിയുമായി ഗോവന്‍ കൃഷി മന്ത്രി വിജയ് സര്‍ദേശായി. ആള്‍ ദൈവവും മുന്‍ കെമിക്കല്‍ എഞ്ചിനിയറുമായ ഡോ. അവദൂത് ശിവനന്ദാണ് പദ്ധതി രൂപകല്‍പന ചെയ്തത്.

‘ശിവയോഗ് കോസ്മിക് ഫാര്‍മിങ്’ എന്നാണ് പുതിയ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ‘ഓംറൂംജുംസെ’ എന്ന് ഉച്ചത്തില്‍ ദിവസവും 20 മിനിറ്റ് നേരം ജപിച്ചാല്‍ പ്രപഞ്ച സംബന്ധിയായ ഊര്‍ജം ലഭിക്കുമെന്നും ഇതിലൂടെ വിളകള്‍ മെച്ചപ്പെടുമെന്നും മന്ത്രി പറയുന്നു.

”ഈ പദ്ധതിയുടെ പ്രത്യേകതയെന്തെന്നാല്‍ ഇതിന് പണം ആവശ്യമില്ല. കൃഷി മന്ത്രിയെന്ന നിലയില്‍ കാര്‍ഷിക അഭിവൃദ്ധിക്ക് ഉതകുന്ന എല്ലാ പദ്ധതിയേയും ഞാന്‍ പ്രോത്സാഹിക്കും. കൃഷിയില്‍ എല്ലാവര്‍ക്കും താത്പര്യമുണ്ടാക്കത്തക്കവിധമുള്ള പദ്ധതിയാണ് ഇത്.” അദ്ദേഹം പറഞ്ഞു.

ശിവയോഗിയായ തന്റെ ഭാര്യയാണ് ഇത്തരമൊരു ഫിലോസഫി മുന്നോട്ട് വെച്ചതെന്നും ആദ്യം താനും അതിശയിച്ചിരുന്നതായും മന്ത്രി പറയുന്നു. പിന്നീടാണ് ഇതിന്റെ യുക്തി മനസിലായത്. ഇത് മാജിക്കല്ല. ഇതിന് പിന്നില്‍ കൃത്യമായ പഠനങ്ങള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, കൃഷിമന്ത്രിയുടെ നിര്‍ദേശത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. കര്‍ഷകര്‍ക്കുള്ള ഫണ്ട് അനുവദിക്കുന്നതിനു പകരം ഇത്തരം പദ്ധതികളുമായി മുന്നോട്ടു പോവുകയാണ് മന്ത്രി എന്നും വിമര്‍ശകര്‍ കുറ്റപ്പെടുത്തി.

Top