ന്യൂഡല്‍ഹി: വിമാനത്തിന് തീ പിടിച്ചതിനെതുടര്‍ന്ന് അടിയന്തരമായി അടച്ച ഗോവ വിമാനത്താവളം തുറന്നു. ഇന്ന് ഒരു മണിക്ക് വിമാനത്താവളത്തില്‍ നിന്നും ടേക്ക് ഒഫ് ചെയ്ത മിഗ് 29കെ ഫൈറ്റര്‍ വിമാനത്തിനാണ് തീപിടിച്ചത്. വിമാത്താവളം വീണ്ടും തുറന്ന വിവരം വ്യോമസേനാ വക്താവ് ഡി.കെ. ശര്‍മ്മ തന്റെ ട്വീറ്റിലൂടെയാണ് അറിയിച്ചത്. ഗോവ വിമാനത്താവളത്തില്‍ സാധാരണ വിമാനങ്ങളും വ്യോമസേനാ വിമാനങ്ങളും ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
മിഗ് വിമാനം പറന്നുയര്‍ന്നപ്പോള്‍ വിമാനത്തിന്റെ ഇന്ധന ടാങ്ക് ഇളകി താഴെ വീഴുകയായിരുന്നു.തുടര്‍ന്ന് വിമാനാത്താവളത്തിന്റെ പ്രധാന റണ്‍വേയില്‍ അല്‍പ്പനേരത്തേക്ക് തീ പടര്‍ന്നുപിടിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചത്.
ഇപ്പോള്‍ ഇവിടെ യാത്രാവിമാനങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. ഇന്ധന ടാങ്ക് തകര്‍ന്ന് ഇന്ധനം റണ്‍വേയില്‍ പടര്‍ന്നത് കാരണമാണ് തീപിടുത്തമുണ്ടായത്. ഗോവയില്‍ തന്നെയുള്ള ദബോലിം വിമാനത്താവളത്തിലേക്ക് ഒരു ദൗത്യത്തിനായി പോകുകയായിരുന്നു വിമാനം. മിഗ് വിമാനങ്ങളില്‍ ആവശ്യമനുസരിച്ച് വേര്‍പെടുത്താനാവുന്ന ഇന്ധന ടാങ്കുകളാണ് ഉള്ളത്. വിമാനത്തിലെ പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വിമാനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.