വിദഗ്ധ ചികിത്സയ്ക്കായി ഗോവ മുഖ്യമന്ത്രി വീണ്ടും യുഎസിലേക്ക്

പനാജി: വിദഗ്ധ ചികിത്സയ്ക്കായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വീണ്ടും യുഎസിലേക്ക്. ഇത് മൂന്നാം തവണയാണ് പരീക്കര്‍ ചികിത്സയ്ക്കായി യു എസി ലേക്ക് തിരിച്ചിരിക്കുന്നത്.

എട്ട് ദിവസത്തിന് ശേഷം അദ്ദേഹം തിരിച്ചെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരീക്കര്‍ പോകുന്നതിനാല്‍ സര്‍ക്കാരിന്റെ നേതൃത്വം സംബന്ധിച്ച് ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഗോവയിലെ നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച തീരുമാനിച്ചിരുന്നു. എന്നാല്‍, അത് ഒഴിവാക്കി. ഇതോടെ സര്‍ക്കാരിന്റെ ചുമതല പകരം ആര്‍ക്കും നല്‍കാതെയാണ് പരീക്കര്‍ യുഎസിലേക്ക് തിരിച്ചിരിക്കുന്നത്.

ഈ വര്‍ഷം ആദ്യം കരള്‍ രോഗത്തെ തുടര്‍ന്ന് രണ്ടര മാസത്തെ ചികിത്സ നടത്തിയതിന് ശേഷം ജൂണിലാണ് അദ്ദേഹം തിരിച്ചെത്തിയത്.

അതിന് ശേഷം ഈ മാസം ആദ്യം വീണ്ടും ചികിത്സയ്ക്കായി അദ്ദേഹം യുഎസില്‍ പോയി. തിരിച്ചെത്തിയ ശേഷം കഴിഞ്ഞ വ്യാഴാഴ്ച ആരോഗ്യ പരിശോധനയ്ക്ക് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് ശേഷം തുടര്‍ ചികിത്സയ്ക്കായി ഇന്ന് പുലര്‍ച്ചെ മുംബൈയില്‍ നിന്ന് വിമാനത്തിലാണ് അദ്ദേഹം യുഎസിലേക്ക് തിരിച്ചത്.

Top