അടിച്ചു പൊളിക്കാന്‍ ‘ഗോവ’തെരഞ്ഞെടുക്കുന്നവര്‍ ശ്രദ്ധിക്കുക; ഇനി കര്‍ശന നടപടി

പനാജി: അടിച്ചു പൊളിക്കാന്‍ യുവാക്കള്‍ തെരഞ്ഞെടുക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഗോവ. പരസ്യമായി മദ്യപിക്കാന്‍ യാതൊരു നിയന്ത്രണവും ഇല്ല എന്നത് കൊണ്ടുതന്നെയാണ് പലരും ഗോവ തെരഞ്ഞടുക്കുന്നതും. എന്നാല്‍ ഇനി ഗോവയില്‍ ചില കര്‍ശന നിയമങ്ങള്‍ പാലിച്ചേ മതിയാകൂ.

ഗോവ ബീച്ചുകളില്‍ ഇനി പരസ്യമായി മദ്യപാനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യകത്മാക്കി. കഴിഞ്ഞ ദിവസം മോര്‍ജിം ബീച്ചില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചതിന്റെ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ പ്രതികരണം. ബീച്ചുകളില്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കുമെന്നും മദ്യപാനം കര്‍ശനമായി തടയുമെന്നും സാവന്ത് പറഞ്ഞു. ശനിയാഴ്ചയാണ് തെക്കന്‍ ഗോവയിലെ മോര്‍ജിം ബീച്ചില്‍ രണ്ടു വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചത്.

കര്‍ണാടകയിലെ ബല്‍ഗാം സ്വദേശികളായ രണ്ടു യുവാക്കളാണ് മരിച്ചത്. മദ്യലഹരിയിലാണ് ഇവര്‍ കടലില്‍ മുങ്ങിയതെന്നാണു വിവരം. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ക്കു പരിക്കേറ്റു. ഈ വര്‍ഷം ജനുവരിയില്‍, പൊതുസ്ഥലത്ത് ഭക്ഷണം പാകം ചെയ്യുന്നതും മദ്യപിക്കുന്നതും പിഴ ഈടാക്കാവുന്ന കുറ്റമായി സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തിരുന്നു.

Top