ഗോവ തെരഞ്ഞെടുപ്പ്; മഹാരാഷ്ട്രവാദി ഗോമന്ദക് പാര്‍ട്ടിയുമായി തൃണമൂല്‍ സഖ്യം

ബംഗാള്‍: ഗോവ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മമത ബാനര്‍ജി നടത്തുന്ന പ്രചാരണങ്ങള്‍ക്ക് പിന്നാലെ ബിജെപിയുടെ മുന്‍ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്ദക് പാര്‍ട്ടിയുമായി തൃണമൂല്‍ സഖ്യത്തിലേര്‍പ്പെട്ടു. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയത്തിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയതലത്തില്‍ ചുവടുറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ മുന്നോടിയാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടുന്നത്.

തൃണമൂല്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗോവ. 2017ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോഴും എംജിപി അടക്കമുള്ള ചെറുപാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ചാണ് ബിജെപി ഗോവയില്‍ അധികാരം പിടിച്ചത്. 2007ല്‍ കോണ്‍ഗ്രസ് സഖ്യത്തിലായിരുന്നു എംജിപി. എന്നാല്‍ 2017ല്‍ മൂന്ന് എംഎല്‍എമാരുമായി ബിജെപിയ്‌ക്കൊപ്പം കൂടിയ എംജിപിയ്ക്ക് രണ്ട് മന്ത്രിസ്ഥാനങ്ങളും കിട്ടി. രണ്ട് എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെ പാര്‍ട്ടിയുടെ അംഗബലം ഒന്നായി ചുരുങ്ങുകയായിരുന്നു.

Top