goa film festival fest 2016

ഇന്ത്യയുടെ നാല്‍പത്തിയേഴാം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് (ഐഎഫ്എഫ്‌ഐ) ഇന്ന് തുടക്കമാകും. അയ്യായിരത്തിലേറെ ഡെലിഗേറ്റുകളാണ് ഇത്തവണ മേളയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വൈകിട്ട് ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സാമൂഹികസാംസ്‌കാരികരാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ബോളിവുഡ് താരം അജയ് ദേവ്ഗണാണ് ഇത്തവണത്തെ മുഖ്യാതിഥി.

പോളിഷ് സംവിധായകന്‍ ആന്ദ്രെ വെയ്ദയുടെ അവസാന ചിത്രമായ ‘ആഫ്റ്റര്‍ ഇമേജാണ്’ ഉദ്ഘാടന ചിത്രം. മേളയുടെ വേദികളിലൊന്നായ കലാ അക്കാദമിയിലായിരിക്കും ഉദ്ഘാടനത്തിനു ശേഷം ‘ആഫ്റ്റര്‍ഇമേജ്’ പ്രദര്‍ശിപ്പിക്കുക.

1032 എന്‍ട്രികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 194 ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുക. എന്‍ട്രികളുടെ കാര്യത്തില്‍ ഇത്തവണ റെക്കോര്‍ഡ് ആണെന്നും സെലക്ഷന്‍ ജൂറി പറയുന്നു.

മലയാളി സംവിധായകന്‍ ജി.പ്രഭയുടെ ‘ഇഷ്ടി’ എന്ന സംസ്‌കൃതചിത്രമാണ് ഇന്ത്യന്‍ പനോരമയിലെ ഉദ്ഘാടന ചിത്രം. മത്സരവിഭാഗത്തിലും ‘ഇഷ്ടി’യുണ്ട്. 15 ചിത്രങ്ങളുള്ള മത്സരവിഭാഗത്തില്‍ ബംഗാളി ചിത്രമായ ‘കളേഴ്‌സ് ഓഫ് ഇന്നസന്‍സ്’ ആണ് മറ്റൊരു ഇന്ത്യന്‍ സാന്നിധ്യം.

ഷേക്‌സ്പിയറിന്റെ ‘മാക്‌ബെത്ത്’ ആധാരമാക്കി വടക്കന്‍ പാട്ടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ജയരാജിന്റെ ‘വീരം’, ഇന്ദ്രജിത്തും റിമ കല്ലിങ്കലും അഭിനയിക്കുന്ന ഡോ.ബിജുവിന്റെ ‘കാട് പൂക്കുന്ന നേരം’, കൊച്ചുപ്രേമനെ പ്രധാന കഥാപാത്രമാക്കി എം.ബി.പത്മകുമാര്‍ ഒരുക്കിയ ‘രൂപാന്തരം’ എന്നീ ചിത്രങ്ങളാണ് മേളയിലെ മലയാളത്തിന്റെ സാന്നിധ്യം.

വിമന്‍സ് കട്ട് വിഭാഗത്തില്‍ ഷാജി എന്‍.കരുണിന്റെ കുട്ടിസ്രാങ്കും കാണാം. ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ അഞ്ജലി ശുക്ലയ്ക്കുള്ള അംഗീകാരമായാണ് ‘കുട്ടിസ്രാങ്ക്’ പ്രദര്‍ശിപ്പിക്കുന്നത്.

അരനൂറ്റാണ്ടു കാലത്തിനിടെ നൂറിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള വിഖ്യാത കൊറിയന്‍ സംവിധായകന്‍ ഇം ക്വാ തീക്കിനാണ് ഇത്തവണത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം.

ഈ വര്‍ഷത്തെ ഇന്ത്യന്‍ ഫിലിം പഴ്‌സനാലിറ്റി ഓഫ് ദി ഇയര്‍ സെന്റിനറി പുരസ്‌കാരം ഗായകനും അഭിനേതാവുമായ എസ്.പി.ബാലസുബ്രഹ്മണ്യത്തിനാണ്.

ഇത്തവണ മികച്ച പുതുമുഖ സംവിധായകനുള്ള സെന്റിനറി പുരസ്‌കാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് അനന്യ കാസറവള്ളിയുടെ ‘ഹരികഥ പ്രസംഗ’ ഉള്‍പ്പെടെ എട്ടുചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ മത്സരിക്കുക. 10 ലക്ഷം രൂപയും രജതമയൂഖവുമാണ് പുരസ്‌കാരം.

കൊറിയന്‍ സംവിധായകന്‍ കിം ജീവൂനിന്റെ ‘ദി ഏജ് ഓഫ് ഷാഡോസ്’ ആണ് സമാപനചിത്രം. സംവിധായകന്‍ എസ്.എസ്.രാജമൗലിയാണ് 28നു നടക്കുന്ന സമാപന ചടങ്ങിലെ മുഖ്യാതിഥി

Top