ഗോവയില്‍ ആരംഭിക്കുന്ന നാല്‍പത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഇന്ത്യന്‍ പനോരമ വിഭാഗത്തിന്റെ ജൂറി അധ്യക്ഷനായി സംവിധായകന്‍ രാഹുല്‍ രവൈലിനെ നിയമിച്ചു.
ജൂറി അധ്യക്ഷൻ സുജോയ് ഘോഷ് രാജിവെച്ചതിനെ തുടര്‍ന്നാണ് രാഹുലിനെ ജൂറി അധ്യക്ഷനാക്കിയത്.
പുതിയ സ്ഥാനം ബഹുമതിയായാണ് കാണുന്നതെന്ന് രാഹുല്‍ പ്രതികരിച്ചു. ലോകം ഉറ്റുനോക്കുന്ന മേളയാണിതെന്നും മികച്ച സിനിമകള്‍ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യൻ പനോരമ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന സെക്സി ദുർഗ, നൂഡ് എന്നീ ചിത്രങ്ങൾ മേളയിൽ നിന്ന് കേന്ദ്രവാർത്താ വിനിമയമന്ത്രാലയം ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് സുജോയ് ഘോഷ് രാജി നൽകിയത്.
സുജോയ് ഘോഷിന് പുറമെ മറ്റൊരു ജൂറി അംഗമായ അപൂര്‍വ അസ്രാണിയും സ്ഥാനമൊഴിഞ്ഞിരുന്നു.
ഈ രണ്ടുസിനിമകളും ഇന്ത്യന്‍ പനോരമയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ നിലപാടെടുത്തയാളാണ് രാഹുല്‍ രവൈൽ.