മഡ്ഗാവ്: പോരാട്ടവീര്യം കാണിച്ച ആദ്യപാദ മത്സരങ്ങള്‍ക്കു ശേഷം എഎഫ്‌സി ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ 2-ാം പാദത്തില്‍ എഫ്‌സി ഗോവയ്ക്കു കാലിടറി. ഇറാനിയന്‍ ക്ലബ് പെര്‍സ്‌പൊലിസിനോടു ഗോവ 0-4നു തോറ്റു.
ആദ്യപാദത്തില്‍ അവസാനം വരെ പൊരുതിയ ഗോവ 1-2നാണു കീഴടങ്ങിയിരുന്നത്. എന്നാല്‍, ആദ്യ ഇലവനില്‍ 8 മാറ്റങ്ങളുമായി ടീമിനെ ഇറക്കിയ കോച്ച് യുവാന്‍ ഫെറാന്‍ഡോയ്ക്ക് ഇത്തവണ പിഴച്ചു.
ഷഹരിയാര്‍ മൊഗന്‍ലൗ (24′), മെഹ്ദി തരാബി (43-പെനല്‍റ്റി), ഇസ്സ അലെകാസിര്‍ (47), കമാല്‍ കാമ്യാബിനിയ (58) എന്നിവരാണു പെര്‍സ്പൊലിസിന്റെ ഗോളുകള്‍ നേടിയത്.
കഴിഞ്ഞ 3 കളികളിലും ഉജ്വല പ്രകടനം നടത്തിയ ഗോള്‍കീപ്പര്‍ ധീരജ് സിങ്ങിനെ പുറത്തിരുത്തിയതും ഗോവയ്ക്കു തിരിച്ചടിയായി. തുടര്‍ച്ചയായ 4-ാം ജയവുമായി പെര്‍സ്പൊലിസ് ഇ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തു തുടരുന്നു. ഗോവ 3-ാം സ്ഥാനത്താണ്.