വാഷിങ്ടന്‍: കിഴക്കന്‍ ലഡാക്ക്, ദക്ഷിണ ചൈന കടല്‍, തയ്വാന്‍ കടലിടുക്ക്, ഹോങ്കോങ് എന്നിവിടങ്ങളില്‍ ചൈന നടത്തുന്ന ഇടപെടലുകള്‍ പ്രകോപനപരവും അസ്വസ്ഥത ഉളവാക്കുന്നതുമാണെന്ന് മുന്‍ യുഎസ് നയതന്ത്രജ്ഞനും ഇന്ത്യയിലെ മുന്‍ യുഎസ് അംബാസഡറുമായ റിച്ചഡ് വര്‍മ.
വിയറ്റ്നാം, മലേഷ്യ, തയ്വാന്‍, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങള്‍ അവകാശവാദം ഉന്നയിക്കുന്ന ദക്ഷിണ ചൈന കടലില്‍ സമ്പൂര്‍ണാധിപത്യമാണ് ചൈനയുടെ ലക്ഷ്യം. നിലവിലെ ധാരണകള്‍ കാറ്റില്‍ പറത്തി മേഖലയില്‍ ആധിപത്യം നേടാന്‍ ഒരു രാജ്യം വിചാരിക്കുന്നത് മേഖലയില്‍ അസ്വസ്ഥതയും അസമാധാനവും വിതയ്ക്കുമെന്നും റിച്ചഡ് വര്‍മ പറഞ്ഞു. ദക്ഷിണ ചൈനാക്കടലിലെ തര്‍ക്ക പ്രദേശത്തിന് സമീപം ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് യുഎസും ഇന്ത്യയും ബോധവാന്‍മാരാണെന്നും ഈ മേഖലയിലെ സുരക്ഷയെ കുറിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിച്ചഡ് വര്‍മ പറഞ്ഞു.
യുഎസിന്റെ വിദേശനയത്തില്‍ ഇന്ത്യയ്ക്ക് മുന്‍ഗണന ഉണ്ടെന്നു വ്യക്തമാക്കിയ അദ്ദേഹം, ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്കു പിന്തുണ നല്‍കാന്‍ യുഎസ് രാഷ്ട്രീയ നേതൃത്വം അമാന്തിക്കില്ലെന്നും വ്യക്തമാക്കി. രാജ്യാന്തര അതിര്‍ത്തികളും കരാറുകളും മാനിക്കുന്നവരാണ് ഇന്ത്യക്കാരെന്നും അതിനാല്‍ ചൈനയുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും നേരത്തെ തന്നെ ഇദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യന്‍ ഐടി പ്രഫഷനലുകള്‍ക്കിടയില്‍ പ്രചാരമുള്ള എച്ച്1ബി ഉള്‍പ്പെടെയുള്ള ജോലിയധിഷ്ഠിത വീസയും വിദ്യാര്‍ഥി വീസയും നിര്‍ത്തലാക്കിയ നടപടിയിലും വര്‍മ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.