ന്യൂഡല്‍ഹി: ഉത്സവങ്ങളും ആഘോഷങ്ങളും നടത്തി ജനജീവിതം പ്രതിസന്ധിയിലാക്കാന്‍ ഒരു ദൈവവും മതവും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന്. ഉത്സവങ്ങള്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ യാഥാര്‍ത്ഥ്യത്തെ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ മതമോ വിശ്വാസമോ പ്രകടിപ്പിക്കാന്‍ വലിയ ആള്‍ക്കൂട്ടത്തിന്റെ ആവശ്യമില്ല. നിങ്ങളുടെ വീട്ടിലിരുന്നും ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ സാധിക്കും. എല്ലാവരും കുടുംബത്തോടൊപ്പം ഉത്സവം ആഘോഷിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
രാജ്യത്താകെയുള്ള കൊവിഡ് കേസുകള്‍ 71 ലക്ഷം കടന്നിട്ടുണ്ട്. കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന അമേരിക്കയില്‍ കൊവിഡ് കേസുകള്‍ 76 ലക്ഷത്തിലധികമാണ്. ദുര്‍ഗപൂജ, ദസറ, ദീപാവലി, ഛാത്ത് പൂജ എന്നീ ആഘോഷങ്ങളുടെ അവസരത്തില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ ഉപേക്ഷിക്കുന്ന പ്രവണതയാണ് ജനങ്ങള്‍ പ്രകടിപ്പിക്കുന്നത്.
പലയിടങ്ങളിലും വലിയ ജനക്കൂട്ടങ്ങള്‍ ഉണ്ടാകുന്നുണ്ട്. കേരളത്തില്‍ ഓണാഘോഷത്തിനു ശേഷം കോവിഡ് വ്യാപനം വര്‍ധിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. തണുപ്പുകാലത്ത് കോവിഡ് കേസുകള്‍ ഇനിയും കൂടാനുള്ള സാധ്യത തള്ളാനാവില്ലെന്നും മന്ത്രി മുന്നറിയിപ്പ് നല്കി.
കൊറോണയ്ക്കെതിരെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ വീഴ്ച വരുത്തിയാല്‍ സ്ഥിതി കൂടുതല്‍ വഷളാകും. മാത്രമല്ല, കൂടുതല്‍ പ്രതിസനന്ധിക്ക് കാരണമാകുകയും ചെയ്യും. മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലും ഓഗസ്റ്റിലെ ഉത്സവാഘോഷങ്ങള്‍ക്കു ശേഷം 50 മുതല്‍ 60 ശതമാനം വരെ കേസുകള്‍ വര്‍ധിച്ചുവെന്നും മന്ത്രി പറഞ്ഞു.