തെലുങ്ക് ‘ലൂസിഫറി’ ന്റെ ഒടിടി റൈറ്റ്സ് വില്‍പ്പനയായി

സംവിധായകൻ എന്ന നിലയിലുള്ള അരങ്ങേറ്റം ഗംഭീര വിജയമാക്കിയ ആളാണ് പൃഥ്വിരാജ്. മോഹൻലാലിനെ ടൈറ്റിൽ കഥാപാത്രമാക്കി ഒരുക്കിയ ലൂസിഫർ മലയാളം ഇതുവരെ കണ്ടതിൽ ഏറ്റവും വലിയ സാമ്പത്തിക വിജയമാണ്. അതേസമയം ചിത്രത്തിൻറെ തെലുങ്ക് റീമേക്ക് ആയ ഗോഡ്‍ഫാദർ ഒക്ടോബർ 5 ന് തിയറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. ചിരഞ്ജീവിയെ നായകനാക്കി മോഹൻ രാജ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തെ സംബന്ധിച്ച ഒരു പുതിയ അപ്ഡേറ്റ് ഇപ്പോൾ പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിൻറെ ഒടിടി റൈറ്റ്സ് വിൽപ്പനയായിരിക്കുന്നു എന്നതാണ് അത്. ലെറ്റ്സ് ഒടിടി ഗ്ലോബലിൻറെ റിപ്പോർട്ട് പ്രകാരം നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിൻറെ സ്ട്രീമിംഗ് റൈറ്റ്സ്.

മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രമായി ഗോഡ്‍ഫാദറിൽ നയൻതാരയും പൃഥ്വിരാജിൻറെ ഗസ്റ്റ് റോളിൽ സൽമാൻ ഖാനുമാണ് എത്തുക. ടോളിവുഡ് ഈ വർഷം കാത്തിരിക്കുന്ന വലിയ പ്രോജക്റ്റുകളിൽ ഒന്നാണ് ഇത്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രവുമാണ് ഇത്. ചിരഞ്ജീവിയുടെ പിറന്നാളിന് തലേദിവസം ചിത്രത്തിൻറെ ടീസർ അണിയറക്കാർ പുറത്തുവിട്ടിരുന്നു. കോനിഡേല പ്രൊഡക്ഷൻ കമ്പനിയും സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. വിജയ് നായകനായ മാസ്റ്റർ ഉൾപ്പെടെ ക്യാമറയിൽ പകർത്തിയ നീരവ് ഷായാണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. എസ് തമൻ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിർവ്വഹിച്ച സുരേഷ് സെൽവരാജനാണ് കലാസംവിധായകൻ.

Top