ലക്‌നൗ : നാഥുറാം വിനായക് ഗോഡ്‌സെ ഭീകരവാദിയായിരുന്നില്ലെന്ന് അഭിമാനത്തോടെ പറയാമെന്ന് ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ. എന്നാല്‍, പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ ഭാഷയെ അംഗീകരിക്കുന്നില്ലെന്നും ബാലിയ എംഎല്‍എ സുരേന്ദ്ര സിംഗ് പറഞ്ഞു. രാജ്യത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനായി ഗാന്ധിയെ വധിച്ചത് ഗോഡ്‌സെക്ക് പറ്റിയ തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവും സ്വാതന്ത്ര്യസമര നേതാവും അഹിംസാവാദിയും ആയിരുന്നു എന്ന കാര്യത്തില്‍ സംശയമില്ലെന്നും എംഎല്‍എ പറഞ്ഞു. മതാടിസ്ഥാനത്തില്‍ വിഭജിച്ച സമയത്തുതന്നെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ഗാന്ധി ഘാതകനായ ഗോഡ്സെയെ പാര്‍ലമെന്‍റില്‍ രാജ്യസ്നേഹിയെന്ന് പ്രഗ്യ വിശേഷിപ്പിച്ചത് വിവാദമായിരുന്നു. എസ്.പി.ജി (ഭേദഗതി) ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് പ്രഗ്യ ഗോഡ്‌സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചത്.
ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ഗോഡ്‌സെ രചിച്ച ”വൈ ഐ കില്‍ഡ് ഗാന്ധി” എന്ന പുസ്തകത്തിലെ ഒരു വാക്യം ഡി.എം.കെ അംഗം എ രാജ ഉപയോഗിച്ചിരുന്നു. പ്രഗ്യ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് ഗോഡ്‌സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചുള്ള പരാമര്‍ശം പ്രഗ്യ നടത്തിയത്.
വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് പ്രഗ്യാ സിംഗ് ഠാക്കൂറിനെ പാര്‍ലമെന്ററി പ്രതിരോധ കമ്മിറ്റിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടിയുടെ പാര്‍ലമെന്ററി സമിതി യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും പ്രഗ്യയെ ഒഴിവാക്കിയിട്ടുണ്ട്.