കോഴിക്കോട്: ഷൈജ ആണ്ടവനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കോഴിക്കോട് എന്‍ഐടിയില്‍ ബാനറുമായി എസ്എഫ്ഐ. ‘ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി’ എന്നാണ് ബാനറിലുള്ളത്. എസ്എഫ്ഐ കോഴിക്കോട് എന്ന പേരിലാണ് ബാനര്‍.
‘ഹിന്ദു മഹാസഭ പ്രവര്‍ത്തകനായ നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ’ എന്ന കുറിപ്പോടെ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ കൃഷ്ണരാജ് എന്ന പ്രൊഫൈലില്‍ നിന്നും പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് ഷൈജ ആണ്ടവന്‍ കമന്റ് ചെയ്തത്. സംഭവം വിവാദമായതോടെ ഇവര്‍ കമന്റ് ഡിലീറ്റ് ചെയ്തിരുന്നു.
ഗോഡ്സെയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ കമന്റിട്ടതിന് പിന്നാലെയാണ് എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ പ്രതിഷേധം ശക്തമായത്. ഡിവൈഎഫ്ഐ അടക്കമുള്ള യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഷൈജ ആണ്ടവനെ പുറത്താക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഷൈജ ആണ്ടവനെതിരെ ഉചിതമായ നടപടിയെടുക്കണമെന്ന് സ്റ്റുഡന്റ് അഫയേഴ്സ് കൗണ്‍സിലും എന്‍ഐടി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്‍ഐടി വിദ്യാര്‍ത്ഥികളുടെ തെരഞ്ഞെടുക്കപ്പെട്ട ബോഡിയാണ് സ്റ്റുഡന്റ് അഫയേഴ്സ് കൗണ്‍സില്‍.