ക്രമസമാധാന പ്രശ്‌നം;ഗോഡ്‌സെ ലൈബ്രറി പൂട്ടിക്കെട്ടി ജില്ലാ അധികൃതര്‍

ഭോപ്പാല്‍: ഹിന്ദു മഹാസഭ സ്വന്തം ഓഫീസില്‍ ആരംഭിച്ച ‘ഗോഡ്‌സെ ലൈബ്രറി’ അടച്ചുപൂട്ടി. മഹാത്മ ഗാന്ധിയുടെ ഘാതകരുടെ പ്രത്യയശാസ്ത്രത്തെ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്തരമൊരു ലൈബ്രറി ആരംഭിച്ചത്. ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തിയാണ് ജില്ലാ അധികൃതര്‍ ലൈബ്രറി അടച്ചുപൂട്ടുകയും വസ്തുവകകള്‍ പിടിച്ചെടുക്കുകയും ചെയ്തത്. ലൈബ്രറി ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളിലാണ് അടച്ചു പൂട്ടിയിരിക്കുന്നത്.

അഖിലഭാരത ഹിന്ദു മഹാസഭയുടെ ഗ്വാളിയോറിലെ ഓഫീസിലാണ് ഞായറാഴ്ച മുതല്‍ വായനശാല പ്രവര്‍ത്തനം ആരംഭിച്ചത്. ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിക്കുകയും അദ്ദേഹത്തെ തൂക്കിലേറ്റിയ ദിനം ബലിദാന്‍ ദിനമായി ആചരിക്കുകയും ചെയ്ത സംഭവങ്ങള്‍ നേരത്തെയും നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഹിന്ദു മഹാസഭ ഗോഡ്‌സെയുടെ പേരില്‍ പുതിയ ലൈബ്രറിയും തുറന്നത്. ഇതിനു പിന്നാലെ ഗാന്ധിയുടെ കൊലയാളിയെ മഹത്വവത്കരിക്കാനുള്ള നീക്കത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം രൂക്ഷമായ പ്രതികരണങ്ങള്‍ ഉയരുകയും അധികൃതര്‍ക്കു പരാതികള്‍ ലഭിക്കുകയും ചെയ്തിരുന്നു.

ക്രമസമാധാന പ്രശ്നമായി ഇത് മാറിയതോടെ തുടര്‍ന്ന് തിങ്കളാഴ്ചയോടെ ജില്ലാ കളക്ടര്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തുടര്‍ന്ന് ഹിന്ദു മഹാസഭയുമായി ചര്‍ച്ച നടത്തുകയും വായനശാല പൂട്ടുകയുമായിരുന്നെന്ന് ഗ്വാളിയോര്‍ പോലീസ് സൂപ്രണ്ട് അമിത് സംഘി പറഞ്ഞു. പുസ്തകങ്ങള്‍, പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങിയവ പിടിച്ചെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ തയ്യാറാകാത്തത് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു. ബി.ജെ.പി. സര്‍ക്കാരിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അവരെ രാജ്യദ്രോഹികളും രാജ്യത്തിന്റെ ശത്രുക്കളുമായി മുദ്രകുത്തുന്നവരാണ് ബിജെപിക്കാര്‍. എന്നാല്‍ ഇവിടെ രാഷ്ട്രപിതാവിനെ അപമാനിച്ചിട്ടും ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് കെ.കെ. മിശ്ര പറഞ്ഞു.

ഗോഡ്‌സെയുടെയും അദ്ദേഹത്തിന് പ്രചോദനമേകിയ നേതാക്കളുടെയും ചിത്രങ്ങളില്‍ മാലയിട്ടാണ് ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ ഞായറാഴ്ച വായനശാല ഉദ്ഘാടനം ചെയ്തത്. ഗുരു ഗോവിന്ദ് സിങ്, മഹാറാണ പ്രതാപ്, ലാലാ ലജ്പത് റായ്, ഹെഡ്‌ഗേവാര്‍, മദന്‍ മോഹന്‍ മാളവ്യ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങളും വായനശാലയില്‍ സ്ഥാപിച്ചിരുന്നു.

‘നാഥുറാം ഗോഡ്‌സെ, നാരായണ്‍ ആപ്‌തെ എന്നിവരുടെ ചിത്രങ്ങള്‍ മാത്രമല്ല, ജനസംഘം സ്ഥാപക നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജി ഉള്‍പ്പെടെയുള്ള ഹിന്ദു ദേശീയ നേതാക്കളുടെ ചിത്രങ്ങളും വായനശാലയിലുണ്ട്. ഇവ ഈ തലമുറയ്ക്കും അടുത്ത തലമുറയ്ക്കും ദേശീയതയുടെ ചൈതന്യം പകരുമെന്ന് ഹിന്ദു മഹാസഭാ ദേശീയ വൈസ് പ്രസിഡന്റ് ജയ്വീര്‍ ഭരദ്വാജ് പറഞ്ഞിരുന്നു. ഗോഡ്‌സെയുടെയും ആപ്‌തെയുടെയും പ്രത്യയശാസ്ത്രത്തെക്കുറിച്ച് യുവാക്കളെ ബോധവല്‍ക്കരിക്കാനും 1947-ല്‍ രാജ്യ വിഭജനത്തിന് ഉത്തരവാദികളായവരെ തുറന്നുകാട്ടാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top