പ്രഗ്യാ സിംഗിന്റെ ഗോഡ്‌സെ അനുകൂല പരാമർശം ; നടപടിയിൽ സ്പീക്കറുടെ തീരുമാനം ഇന്ന്

ന്യൂഡല്‍ഹി : മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‍സെ ദേശഭക്തനാണെന്ന് നിലപാടെടുത്ത ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിനെ ശാസിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തിൽ ലോക്സഭാ സ്പീക്കർ ഇന്ന് തീരുമാനം എടുത്തേക്കും.

പ്രഗ്യാസിംഗിന്റെ ഗോഡ്‌സെ അനുകൂല പരാമർശം ഇന്നലെ ഇരു സഭകളെയും പ്രക്ഷുബ്ധമാക്കിയിരുന്നു. രാഷ്ട്രപിതാവിനെ അപമാനിച്ച അംഗത്തെ ശാസിക്കണമെന്നാണ് പ്രതിപക്ഷ പ്രമേയത്തിലെ ആവശ്യം. മാപ്പ് പറയുന്നത് വരെ സഭയിൽ നിന്ന് പിന്മാറണമെന്നും പ്രമേത്തിലുണ്ട്. പ്രമേയം പരിഗണിക്കണമെന്ന് ലോക്‌സഭയിൽ ആവശ്യപ്പെടാനാണ് കോൺഗ്രസ് തീരുമാനം.

ഗോഡ്സെയെ പാര്‍ലമെന്‍റില്‍ രാജ്യസ്നേഹിയെന്ന് പ്രഗ്യ വിശേഷിപ്പിച്ചത് വിവാദമായിരുന്നു. എസ്.പി.ജി (ഭേദഗതി) ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് പ്രഗ്യ ഗോഡ്‌സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചത്.

ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ഗോഡ്‌സെ രചിച്ച ”വൈ ഐ കില്‍ഡ് ഗാന്ധി” എന്ന പുസ്തകത്തിലെ ഒരു വാക്യം ഡി.എം.കെ അംഗം എ രാജ ഉപയോഗിച്ചിരുന്നു. പ്രഗ്യ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് ഗോഡ്‌സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചുള്ള പരാമര്‍ശം പ്രഗ്യ നടത്തിയത്.

വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് പ്രഗ്യാ സിംഗ് ഠാക്കൂറിനെ പാര്‍ലമെന്ററി പ്രതിരോധ കമ്മിറ്റിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടിയുടെ പാര്‍ലമെന്ററി സമിതി യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും പ്രഗ്യയെ ഒഴിവാക്കിയിട്ടുണ്ട്.

ഇതിനു പുറമേ, കോർപ്പറേറ്റ് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിന് അനുമതി തേടിയുള്ള ബിൽ ഇന്ന് ലോക്‌സഭ പരിഗണിക്കും നികുതി കുറച്ചുകൊണ്ടുള്ള ഓർഡിനൻസിന് പകരമായാണ് ബിൽ അവതരിപ്പിക്കുന്നത്. ടാക്‌സേഷൻ ഭേഭഗതി ബില്ലും ലോക്‌സഭ പരിഗണിക്കും.

Top