ദെപ്‌സാങ് പട്രോളിംഗില്‍ വിട്ടുവീഴ്ചയില്ല; ഇന്ത്യ-ചൈന കമാന്‍ഡര്‍ തല ചര്‍ച്ച അവസാനിച്ചു

ന്യൂഡല്‍ഹി: ദെപ്‌സാങില്‍ പട്രോളിംഗിനുള്ള അവകാശത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. ദെംചോക്കിലെ താമസക്കാര്‍ ആടുമേയ്ക്കുന്നത് തടയില്ലെന്ന ഉറപ്പും ഇന്ത്യ, ചൈയോട് ആവശ്യപ്പെട്ടു. ഗാല്‍വന്‍ താഴ്‌വരയിലെ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ചൈന പുറത്ത് വിട്ടതില്‍ ഇന്ത്യ അതൃപ്തിയറിയിച്ചു. ഏകപക്ഷീയ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് അംഗീകരിക്കാനാകില്ലെന്ന് കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ഇന്ത്യ വ്യക്തമാക്കി. ഇന്ത്യ-ചൈന പത്താം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചയാണ് ഇന്ന് പുലര്‍ച്ചെ അവസാനിച്ചത്.

അതേസമയം, ഇന്ത്യന്‍ സൈന്യം ചൈനീസ് പട്ടാളക്കാരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ രാത്രി ചൈന പുറത്തു വിട്ടു. ഒരു നദിയുടെ കുറുകെ സൈനികരെ തടയുന്നതും ഇന്ത്യന്‍ സൈന്യം ചൈനീസ് സൈനികരെ പ്രതിരോധിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവിട്ടത്. ഇന്ത്യ അതിര്‍ത്തി മുറിച്ചുകടന്നു എന്ന തലവാചകത്തോട് കൂടിയാണ് ചൈനീസ് മാധ്യമം ഈ ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചത്.

ഇതിനോട് പ്രതികരിക്കുന്നില്ലെന്ന് ഇന്നലെ ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം പറഞ്ഞു. എന്നാല്‍, ഇന്നത്തെ ചര്‍ച്ചയില്‍ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗോഗ്ര, ഗോട്ട് സ്പ്രിംഗ്, ദെസ്പാംഗ് മേഖലകളില്‍ നിന്നുള്ള പിന്മാറ്റവും ഇന്നത്തെ കമാന്‍ഡര്‍ തല ചര്‍ച്ചയിലെ അജണ്ടയായിരുന്നു.

 

Top