ഗോകുല്‍ സുരേഷ് നായകനായെത്തുന്ന ചിത്രം ‘ഉള്‍ട്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ സംവിധായകനാവുന്ന പുതിയ ചിത്രം ഉള്‍ട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഗോകുല്‍ സുരേഷ് നായകനായെത്തുന്ന ചിത്രത്തില്‍ അനുശ്രീ, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് നായികമാരായെത്തുന്നത്. തികച്ചും വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ഹ്യൂമര്‍ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നതും സുരേഷ് പൊതുവാള്‍ തന്നെയാണ്. ഒക്ടോബര്‍ ആദ്യവാരം കണ്ണൂരില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

രമേഷ് പിഷാരടി, രഞ്ജി പണിക്കര്‍, ശാന്തി കൃഷ്ണ, കെ.പി. എ. സി ലളിത, സേതുലക്ഷ്മി, രചന നാരായണന്‍കുട്ടി, തെസ്‌നിഖാന്‍, ആര്യ, മഞ്ജുസുനിച്ചന്‍, കോട്ടയംപ്രദീപ്, ജാഫര്‍ ഇടുക്കി, സിനോജ് വര്‍ഗ്ഗീസ്, സുബീഷ് സുധി, തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ദീപസ്തംഭം മഹാശ്ചര്യം, നാടന്‍ പെണ്ണും നാട്ടു പ്രമാണിയും, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് സുരേഷ്‌പൊതുവാള്‍. സിപ്പി ക്രീയേറ്റീവ് വര്‍ക്‌സിന്റെ ബാനറില്‍, ഡോ.സുഭാഷ് സിപ്പിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഗോപി സുന്ദറിനോടൊപ്പം സുദര്‍ശന്‍ എന്ന പുതുമുഖ സംഗീത സംവിധായകനെ കൂടി സുരേഷ് ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്നു. ഹരിനാരായണന്റെയും അജോയ്ചന്ദ്രന്റേയുമാണ് ഗാനങ്ങള്‍.

Top