golbal time report in election result

ബെയ്ജിങ്: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ ചരിത്ര വിജയം, ചൈനയ്ക്ക് ‘സുഖകരമായ വാര്‍ത്ത’യല്ലെന്ന മുന്നറിയിപ്പുമായി ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ്.

തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയതോടെ ആഭ്യന്തര തലത്തിലും രാജ്യാന്തര തലത്തിലും നരേന്ദ്ര മോദി കൂടുതല്‍ കരുത്തനായെന്ന് ‘ഗ്ലോബല്‍ ടൈംസ്’ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ചൈനയോട് ഇപ്പോള്‍ത്തന്നെ വളരെ കര്‍ക്കശമായ നിലപാടു സ്വീകരിച്ചിരിക്കുന്ന മോദി, തിരഞ്ഞെടുപ്പു വിജയം നല്‍കുന്ന കരുത്തില്‍ നിലപാട് വീണ്ടും കടുപ്പിച്ചേക്കാമെന്ന ആശങ്കയും ചൈനീസ് മാധ്യമം പങ്കുവയ്ക്കുന്നുണ്ട്.

ബിജെപിയുടെ ചരിത്ര വിജയത്തോടെ രാജ്യാന്തര തലത്തിലെ തര്‍ക്കവിഷയങ്ങളില്‍ ഇന്ത്യയുമായി സമവായത്തിലെത്തുന്നത് മറ്റു രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ സങ്കീര്‍ണമാകുമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. 2019ലെ തിരഞ്ഞെടുപ്പിലും ബിജെപി തന്നെ വിജയിക്കുമെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനത്തു തുടരുമെന്നുമാണ് പൊതുവായുള്ള വിലയിരുത്തലെന്നും ലേഖനം വ്യക്തമാക്കുന്നു.

രാജ്യാന്തര തലത്തില്‍ ആരെയും ‘പിണക്കാതെ’ മുന്നോട്ടുപോകുന്ന ഇന്ത്യയുടെ പരമ്പരാഗത ശൈലിക്ക് നരേന്ദ്ര മോദിയുടെ വരവോടെ മാറ്റം സംഭവിച്ചു. വിവാദ വിഷയങ്ങളില്‍ ഇന്ത്യ വ്യക്തമായ നിലപാടുകള്‍ സ്വീകരിച്ചു തുടങ്ങിയതും സ്വന്തം താല്‍പര്യങ്ങള്‍ക്കായി മറ്റു രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി തുടങ്ങിയതും
മോദി അധികാരത്തിലെത്തിയതിനു ശേഷമാണ്. അടുത്ത തിരഞ്ഞെടുപ്പിലും മോദി വിജയിച്ചാല്‍, ഇന്ത്യയുടെ കര്‍ക്കശ നിലപാട് കൂടുതല്‍ കഠിനമാവുകയേ ഉള്ളൂ. ഇന്ത്യയും മറ്റു രാജ്യങ്ങളുമായുള്ള തര്‍ക്കവിഷയങ്ങളില്‍ സമവായത്തിലെത്താനുള്ള സാധ്യതയും ഇതോടെ ചുരുങ്ങുകയാണെന്ന് ഗ്ലോബല്‍ ടൈംസിലെ ലേഖനത്തില്‍ പറയുന്നു.

ഇന്തോ-ചൈന അതിര്‍ത്തിയിലെ സൈനികര്‍ക്കൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ദീപാവലി ആഘോഷിക്കാനുള്ള മോദിയുടെ തീരുമാനം, ഈ നിലപാടു മാറ്റത്തിന്റെ പ്രകടമായ ഉദാഹരണമാണെന്നും ഗ്ലോബല്‍ ടൈംസ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. അതിനിടെ അതിര്‍ത്തിയിലെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് ചൈനയ്ക്കുള്ള വ്യക്തമായ സന്ദേശമാണ് മോദി നല്‍കുന്നത്.

ചൈനയും റഷ്യയുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് ഇന്ത്യയുടെ ചില നിലപാടുകള്‍ തടസമാണെന്നും ലേഖനത്തിലുണ്ട്. ഏഷ്യാ-പസിഫിക് മേഖലയിലും ദക്ഷിണ ചൈനാ കടലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിലും യുഎസ് നിലപാടിനെ പിന്തുണച്ച് അവരുടെ വിശ്വാസം നേടിയെടുക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

Top