കോഴിക്കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതി പൂക്കോയ തങ്ങളെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ്. തങ്ങൾ 13 ദിവസമായി ഒളിവിലാണ്. ലുക്ക്ഔട്ട് നോട്ടീസിറക്കി രണ്ടാഴ്ച കഴിഞ്ഞിട്ടും പൂക്കോയ തങ്ങളെ പിടിക്കാൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കമറുദ്ദീൻ എംഎൽഎക്കൊപ്പം നൂറിലേറെ വഞ്ചന കേസുകളിൽ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങൾ.
അതേസമയം, പരിയാരത്ത് ചികിത്സയിൽ തുടരുന്ന കമറുദ്ദീന് ആൻജിയോ പ്ലാസ്റ്റി നടത്തുന്നതിൽ തീരുമാനമായില്ല. റിമാൻഡിൽ കഴിയവേ ആണ് എം സി കമറുദ്ദീൻ എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് എം സി കമറുദ്ദീൻ എംഎൽഎയ്ക്ക് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചത്. ആൻജിയോ ഗ്രാം പരിശോധനയിൽ ഹൃദ്രോഗം കണ്ടെത്തിയതിനെ തുടർന്ന് എംഎൽഎയെ ശസ്തക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. അതിനിടെ, ഫാഷൻ ഗോൾഡ് തട്ടിപ്പുകേസിൽ എം സി കമറുദ്ദീൻ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. കമറുദ്ദീന്‍റെ ജാമ്യാപേക്ഷ ഹോസ്‍ദുര്‍ഗ് കോടതി തള്ളിയിതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.