കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് 280 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,000ല്‍ എത്തിയത്. ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 5500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 43,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നിന് രേഖപ്പെടുത്തിയ 43,240 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്.
സ്വര്‍ണ വില ഉയരാന്‍ കാരണം അമേരിക്കയിലെ ചില്ലറ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറവായതോടെ ഡോളര്‍ ഇടിഞ്ഞത് സ്വര്‍ണ വിലയില്‍ മുന്നേറ്റത്തിന് കാരണമായി. പണപ്പെരുപ്പ കണക്ക് കുറഞ്ഞതോടെ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധനവ് ഉടന്‍ നിര്‍ത്തുമെന്ന പ്രതീക്ഷയാണ് സ്വര്‍ണ വിലയില്‍ മുന്നേറ്റത്തിന് കാരണം. ആഗോള വിപണിയില്‍ 0.15ശതമാനം മുന്നേറി 1960.30 ഡോളറിലാണ്. ജൂണ്‍ 16 ന് ശേഷമുള്ള ഉയര്‍ന്ന വിലയാണിത്.