ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്തെ സ്വര്‍ണ വിലയിലുണ്ടായത് 20 ശതമാനം വര്‍ധനവ്

കൊച്ചി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്തെ സ്വര്‍ണവിലയിലുണ്ടായത് 20 ശതമാനത്തോളം വര്‍ധനവ്. 2018 ആഗസ്റ്റ് മൂന്നിന് കഴിഞ്ഞവര്‍ഷത്തെ ഏറ്റവും കുറഞ്ഞവില സ്വര്‍ണത്തിനു രേഖപ്പെടുത്തിയപ്പോള്‍ 2019 ആഗസ്റ്റ് മൂന്നിനു രേഖപ്പെടുത്തിയതു റെക്കോഡ് വില. പവന് 160 രൂപ വര്‍ധിച്ച് 26,200 രൂപയ്ക്കാണ് വ്യാപാരം നടന്നത്.

കഴിഞ്ഞവര്‍ഷം ആഗസ്റ്റ് മൂന്നിനു പവന്‍ വില 21,920 രൂപയായിരുന്നു. അന്ന് 2,740 രൂപയായിരുന്നു ഒരു ഗ്രാമിനു വിലയെങ്കില്‍ കഴിഞ്ഞദിവസം ,275 രൂപയായി ഉയര്‍ന്നു. ഒരുവര്‍ഷത്തിനിടെ ഒരു ഗ്രാമിനുണ്ടായ മാറ്റം 535 രൂപ. പവന്‍ വില വര്‍ധിച്ചതു 4,280 രൂപയും. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മാത്രം സ്വര്‍ണവില വര്‍ധിച്ചതു പവന് 520 രൂപയും ഗ്രാമിന് 65 രൂപയും. അന്താരാഷ്ട്രവില ട്രോയ് ഔണ്‍സിന് 1,448 എത്തിയശേഷം 1,441 ഡോളറായി. ഇന്ത്യന്‍ രൂപയുടെ വിനിമയനിരക്ക് 69.67 രൂപയിലെത്തി.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണത്തിനു വില ഉയരാന്‍ കാരണമായി. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട പുതിയ കണക്കനുസരിച്ചു കഴിഞ്ഞ മൂന്നു മാസത്തിനിടെ 213 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 ശതമാനം വര്‍ധന. ഇന്ത്യന്‍ വിപണിയിലെ വന്‍ വിലവര്‍ധനയ്ക്കിടയിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സ്വര്‍ണത്തിനു വലിയ ഡിമാന്‍ഡ് രേഖപ്പെടുത്തി. വിലവര്‍ധന കേരളത്തിലെ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും അടുത്ത രണ്ടാഴ്ചയോടെ ഓണം, വിവാഹസീസണ്‍ ആരംഭിക്കുന്നതിനാല്‍ വ്യാപാരം മെച്ചപ്പെടുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

Top