സ്വര്‍ണ്ണക്കടത്ത്, കള്ളപ്പണ കേസുകളില്‍ വമ്പന്‍ സ്രാവുകളെ കിട്ടാതെ കേന്ദ്ര ഏജന്‍സികള്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത്, കള്ളപ്പണ ഇടപാടുകളില്‍ വന്‍ സ്രാവുകളുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ വാദം പൊളിയുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് അപ്പുറത്തേക്ക് ഉള്ളവരുടെ ബന്ധം തെളിയിക്കാന്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ല. ഡോളര്‍ കടത്ത് കേസില്‍ അന്വേഷണം നേരിടുന്ന സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മാത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് മുന്നില്‍ നിലവില്‍ ശേഷിക്കുന്നത്.

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് പിടികൂടിയതിന് പിന്നാലെ എന്‍ഫോഴ്‌സമെന്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും വന്‍ സ്രാവുകളുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. കള്ളക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചിലര്‍ക്ക് കൂടി അറിവുണ്ടായിരുന്നുവെന്ന് സത്യവാങ്മൂലത്തില്‍ ഉണ്ടായിരുന്നു. അന്വേഷണ ഏജന്‍സികളുടെ ചുവട് പിടിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍ അടക്കമുള്ള ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായതൊഴിച്ചാല്‍ മറ്റ് വലിയ സംഗതികളൊന്നും തന്നെ നടന്നിട്ടില്ല. എന്‍ഐഎ കുറ്റപത്രത്തിലും ഇതേക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല. മന്ത്രി കെടി ജലീല്‍, മുതല്‍ ദാവൂദ് ഇബ്രാഹിമിന്റെ പേര് വരെ അന്വഷണ ഏജന്‍സികള്‍ കോടതിയില്‍ പറഞ്ഞെങ്കിലും ഇവരാരും പ്രതിയായിട്ടുമില്ല.

ഖുറാന്‍ കടത്ത്, റംസാന്‍ കിറ്റ്, ഈന്തപ്പഴം കേസുകളില്‍ മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്‌തെങ്കിലും പ്രതിയാക്കാന്‍ തെളിവ് ലഭിച്ചില്ല. ഇതോടെ അന്വേഷണം നിലയ്ക്കുകയും ചെയ്തു. ഇനിയുള്ളത് ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമൃഷ്ണനെതിരെയുള്ള അന്വേഷണമാണ്. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രോട്ടോകോള്‍ ഓഫീസര്‍ അടക്കമുള്ളവരുടെ ചോദ്യം ചെയ്യല്‍ തെളിവ് ശേഖരണത്തിന്റെ ഭാഗമാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. കസ്റ്റംസ് നിയമപ്രകാരം നോട്ടീസ് നല്‍കി താമസിയാതെ സ്പീക്കറുടെ മൊഴിയെടുക്കുമെന്നാണ് വിശദീകരണം.

Top