തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത്; ഇടനിലക്കാര്‍ അഭിഭാഷകരാണെന്ന്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന വന്‍ സ്വര്‍ണക്കടത്തിന്റെ ഇടനിലക്കാര്‍ അഭിഭാഷകരാണെന്ന് കണ്ടെത്തി. സ്വര്‍ണക്കടത്തിന്റെ പ്രധാന ഇടനിലക്കാരായ തിരുവനന്തപുരത്തെ രണ്ട് അഭിഭാഷകര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഡിആര്‍എ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആയ സുനില്‍ ആണ് 25 കിലോ സ്വര്‍ണവുമായി തിരുവനന്തപുരം വിമനാത്താവളത്തില്‍ പിടിയിലായത്. ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന കഴക്കൂട്ടം സ്വദേശിയായ സ്ത്രീയും പിടിയിലായിട്ടുണ്ട്.

ഇവര്‍ സ്വര്‍ണവുമായി വിമാനത്താവളത്തില്‍ എത്തിയ സമയത്ത് തലസ്ഥാനത്തെ രണ്ട് അഭിഭാഷകരും വിമാനത്താവള പരിസരത്ത് ഉണ്ടായിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ സ്വര്‍ണം പിടികൂടിയ വിവരം അറിഞ്ഞ ഉടനെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു.

സുനിലിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ അഭിഭാഷകരുടെ പങ്കിനെ കുറിച്ച് കൂടുതല്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Top