സ്വര്‍ണ വില വര്‍ധിക്കുന്നതിനനുസരിച്ച് വിലയില്‍ മുന്നേറ്റം നടത്തി വിപണിയില്‍ താരമായി വെള്ളിയും. സാധാരണഗതിയില്‍ ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നാലും വെള്ളി വില പതുക്കെ മാത്രമേ വര്‍ധിക്കുകയുള്ളൂ. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ വിലയുടെ ഒപ്പത്തിനൊപ്പമാണ് വെള്ളിയുടെ വിലയും വര്‍ധിക്കുന്നത്.
ആഗോള വ്യവസായ മേഖലയിലുണ്ടായ തളര്‍ച്ച നേരത്തെ വെള്ളിയെ ബാധിച്ചിരുന്നു. കുറഞ്ഞപലിശ നിരക്കുകള്‍,സ്ഥിരതയാര്‍ജ്ജിച്ച യുഎസ് ഡോളര്‍, ബ്രെക്‌സിറ്റ് അനിശ്ചിതാവസ്ഥ എന്നിവയെക്കൂടാതെ ഖനികളില്‍നിന്നുള്ള കുറഞ്ഞ ഉല്‍പാദനവും വെള്ളിയുടെ മുന്നേറ്റത്തിനു കാരണമായി. ഇന്ത്യന്‍ രൂപയുടെ മൂല്യ ശോഷണവും ആഭ്യന്തര വെള്ളി വിലകള്‍ വന്‍തോതില്‍ ഉയരാന്‍ കാരണമായിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വെള്ളിഖനികളില്‍ നിന്നുള്ള ഉല്‍പാദനക്കുറവിനൊപ്പം പുതിയ നിക്ഷേപകരുടെ എണ്ണത്തിലുണ്ടായ വര്‍ധനവും വെള്ളി വില ഉയരാന്‍ കാരണമായി. സില്‍വര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകളനുസരിച്ച് 2018ല്‍ ആഗോള തലത്തില്‍ വെള്ളിയുടെ ഡിമാന്റ് 4 ശതമാനം വര്‍ധിച്ചുവെങ്കിലും ഖനികളിലെ ഉല്‍പാദനം 2 ശതമാനം കുറയുകയാണുണ്ടായത്.