കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. മൂന്ന് പേരില്‍ നിന്ന് ഒരു കോടിയിലധികം വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജിദ്ദയില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ വന്ന മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി സിദ്ദിക്കിന്റെ പക്കല്‍ ഉണ്ടായിരുന്ന സ്പീക്കറില്‍ സ്വര്‍ണം ഒളിച്ചു കടത്താനായിരുന്നു ശ്രമം.
ട്രാന്‍സ്‌ഫോര്‍മറിലുള്ള ചെമ്പുകമ്പി നീക്കം ചെയ്ത് സ്വര്‍ണം കമ്പിയുടെ രൂപത്തിലേക്ക് മാറ്റുകയായിരുന്നു. രണ്ട് കിലോ സ്വര്‍ണമാണ് ഇങ്ങനെ കൊണ്ടുവന്നത്.
ദുബൈയില്‍ നിന്ന് ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ വന്ന കര്‍ണാടക സ്വദേശി സിയാവുല്‍ ഹഖ് കാല്‍പാദങ്ങളില്‍ ഒട്ടിച്ച് കടത്താന്‍ ശ്രമിച്ച 466 ഗ്രാം തൂക്കമുള്ള സ്വര്‍ണ ബിസ്‌കറ്റുകളും പിടികൂടി.
ഷാര്‍ജയില്‍ നിന്ന് എയര്‍ ഏഷ്യ വിമാനത്തില്‍ വന്ന നിയാസ് പെര്‍ഫ്യൂം ബോട്ടിലിന്റെ അടപ്പിനകത്ത് ചെറിയ മുത്തുകളുടെ രൂപത്തില്‍ 703 ഗ്രാം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്.