സ്വര്‍ണക്കടത്തുകേസ്: പ്രതിപക്ഷം നിലപാട് മാറ്റിയതിൽ നന്ദിയുണ്ടന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലും ഇ.ഡി.യുടെ അന്വേഷണത്തിലും മുന്‍നിലപാടുകളില്‍ നിന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാറി എന്നത് സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവിന്റെ പുനര്‍ചിന്തനത്തിന് നന്ദി പറയുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന് തിരിച്ചറിവ് ഉണ്ടായതില്‍ സന്തോഷമുണ്ടെന്നും സിബിഐയും പരിമിതികളില്‍ നിന്ന് മുക്തരല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇ.ഡി. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു, വേണ്ടപ്പെട്ടവരെ അവര്‍ ചേര്‍ത്തുപിടിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് സഭയില്‍ ഉന്നയിച്ചത്.

സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യലിനായി ഇ.ഡി. വിളിപ്പിച്ച ഈ ദിവസം നിയമസഭയില്‍ അധികനേരം ഇരിക്കാന്‍ പ്രതിപക്ഷ നേതാവിന് സമയം കിട്ടുമോ എന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ഇ.ഡി. ചോദ്യം ചെയ്യലില്‍ പ്രതിഷേധിച്ച് രാജ്ഭവനില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് പോവേണ്ടിവരും. അത്തരമൊരു പരിപാടി നടക്കുന്ന ദിവസം ഈ സബ്മിഷനില്‍ ഇ.ഡി.യെക്കുറിച്ച് കൃത്യതയോടെത്തന്നെ അദ്ദേഹം പറഞ്ഞിരിക്കുകയാണെന്നും മുഖ്യന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ നിരപരാധിത്വം തെളിയിക്കാനാവണമെന്നും ഇ.ഡി.യുടെ രാഷ്ട്രീയ ഉദ്ദേശം സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിലൂടെ തുറന്നു കാണിക്കാനുമാവണം എന്നും അദ്ദേഹം പറയുന്നു. ഇതൊക്കെ പ്രതിപക്ഷം നേരത്തെ പറഞ്ഞിരുന്ന നിലപാടില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായതാണ്. അതുകൊണ്ടാണ് പറഞ്ഞതിന് നന്ദിയുണ്ടെന്ന് ഞാന്‍ ആദ്യംതന്നെ പറഞ്ഞതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Top