തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. ശിവശങ്കറിനെ നിയന്ത്രിക്കുന്നതില്‍ വീഴ്ച സംഭവിച്ചു. സ്വര്‍ണ്ണക്കടത്ത് വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് വലിയ തിരിച്ചടിയുണ്ടാക്കിയെന്നും സെക്രട്ടേറിയേറ്റ് വിലയിരുത്തി.
സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന വിവാദങ്ങളും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും സെക്രട്ടറിയേറ്റ് യോഗത്തില്‍ പിണറായി വിജയന്‍ വിശദീകരിച്ചു. ശിവശങ്കറിന് വീഴ്ച പറ്റിയെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രിയടെ ഓഫീസിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നത്.
ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിലോ നിരീക്ഷിക്കുന്നതിലോ വേണ്ടത്ര ജാഗ്രത ഉണ്ടായില്ല. ശിവശങ്കര്‍ സ്വയം അധികാര കേന്ദ്രമായി മാറി. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള മികച്ച പ്രതിച്ഛായക്കിടെയുണ്ടായ വിവാദം സര്‍ക്കാരിന് വലിയ തിരിച്ചടിയുണ്ടാക്കിയെന്നും യോഗം വിലയിരുത്തി.
വിവാദങ്ങള്‍ ഊതിപ്പെരുപ്പിക്കാന്‍ പ്രതിപക്ഷത്തിനായി. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ശിവശങ്കറിനോട് കരുണ വേണ്ടെന്നാണ് സെക്രട്ടറിയേറ്റിന്റെ നിലപാട്. അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ട് പോയാല്‍ സര്‍ക്കാരിനെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.